Sunday, May 19, 2013   7:29 AM IST
Vaartha BlogRSS
Loading
ജിസിഡിഎയുടെ ആദ്യ ചര്‍ച്ച തിങ്കളാഴ്ച
Published : Saturday, May 12, 2012
|
  
Text Size
കൊച്ചി

നഗര വികസന പ്രക്രിയയ്ക്ക് ആക്കംകൂട്ടാന്‍ വിശാലകൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) പ്രത്യേക കര്‍മപദ്ധതി തയാറാക്കും. വിഷന്‍ 2030 എന്നു പേരിട്ടിരിക്കുന്ന കര്‍മ പദ്ധതി സംബന്ധിച്ച ആദ്യ ചര്‍ച്ച തിങ്കളാഴ്ച അഥോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍. ജിസിഡിഎ മാസ്റ്റര്‍പ്ലാനിലെ പദ്ധതി നിര്‍വഹണത്തിനായാണു കര്‍മ പദ്ധതി.

2030ല്‍ കൊച്ചി എന്തായിരിക്കണം എന്നതിനെ അടിസ്ഥാനമാക്കി വികസന പദ്ധതികളുടെ നിര്‍വഹണത്തിനുള്ള പദ്ധതി തയാറാക്കുന്നതിനാണു യോഗം ചേരുന്നതെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അറിയിച്ചു. ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം മേഖലകളില്‍ നിരവധി വന്‍കിട പദ്ധതികള്‍ എന്നിവ ജിസിഡിഎ ആലോചിക്കുന്നുണ്ട്.

ഇവയില്‍ പലതും മാസ്റ്റര്‍പ്ലാനില്‍ പരാമര്‍ശിച്ചിട്ടുള്ളതുമാണ്. ഈ മാസ്റ്റര്‍പ്ലാനിനുള്ളില്‍നിന്ന് വികസന പ്രക്രിയ ഫലപ്രദമായി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. 2030 ആണ് ഇതില്‍ ലക്ഷ്യംവച്ചിരിക്കുന്നത്. ലക്ഷ്യപ്രാപ്തിയോടെ കൊച്ചിയുടെ മുഖഛായതന്നെ മാറും - വേണുഗോപാല്‍ പറഞ്ഞു.

14നു നടക്കുന്ന യോഗത്തില്‍ കൊച്ചിയെ അടുത്തറിയാവുന്നവരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായ 15 വിദഗ്ധര്‍ പങ്കെടുക്കും.

വികസന പദ്ധതികളുടെ നിര്‍വഹണം സംബന്ധിച്ചു പ്രായോഗികമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും വിദഗ്ധാഭിപ്രായം ശേഖരിക്കുന്നതിനുംവേണ്ടിയാണിത്. രണ്ടാം ഘട്ടത്തില്‍ ജനപ്രതിനിധികളുടേയും തദ്ദേശ സ്ഥാപന അധികൃതരുടേയും യോഗം വിളിക്കും. മൂന്നാം ഘട്ടത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു കര്‍മ പദ്ധതിക്ക് അന്തിമ രൂപം നല്‍കും.

നഗരത്തില്‍ പുതുതായി ടൗണ്‍ഷിപ്പുകള്‍, ഷോപ്പിങ് മാളുകള്‍, റിങ് റോഡ് അടക്കം ആധുനിക ഗതാഗത സൗകര്യങ്ങള്‍, മറൈന്‍ഡ്രൈവ് വോക്വേ നവീകരണം, ടൂറിസം വികസനത്തിനു പുതിയ സാധ്യതകള്‍ ആരായുക തുടങ്ങിയവയാണു ചര്‍ച്ചകളുടെ മുഖ്യ ലക്ഷ്യം.

ജിസിഡിഎയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈകാതെ അവതരിപ്പിക്കും.

ഭരണ സമിതി രൂപീകരണത്തിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നത്. ഇടക്കാല ഭരണ നിര്‍വഹണത്തിനുവേണ്ടി ,സര്‍ക്കാറിലേക്കു സമര്‍പ്പിച്ച പദ്ധതി രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

Rate This News :
Latest News