FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Art-culture

ഡാവിഞ്ചിയുടെ മായുന്ന മുഖചിത്രം

Monday, Jun 30, 2014,15:24 IST By മെട്രൊവാര്‍ത്ത A A A

നൂറ്റാണ്ടുകള്‍ പഴമക്കമുള്ള ആ ചിത്രത്തില്‍ നിന്നും മഹാനായ ആ ചിത്രകാരന്‍റെ മുഖം ഇപ്പോള്‍ മങ്ങി തുടങ്ങുകയാണ്. ലിയോണാര്‍ഡോ ഡാവിഞ്ചി എന്ന ബഹുമുഖ പ്രതിഭയുടെ കണ്ണഞ്ചിപ്പിക്കുന്ന ഓരോ സൃഷ്ടികളും ലോകം അത്ഭുതത്തോടെ കണ്ടതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡാവിഞ്ചി വരച്ചു തീര്‍ത്ത അദ്ദേഹത്തിന്‍റെ സ്വന്തം മുഖചിത്രം നാശത്തിന്‍റെ വക്കിലായിരുന്നു.
കാലങ്ങള്‍ പഴക്കമുള്ള ആ ചിത്രം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചിത്രം സൂക്ഷിക്കാന്‍ പ്രത്യേക മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യങ്ങളും ഒപ്പം തന്നെ ഉയര്‍ന്നു. എന്നാല്‍ പോളണ്ടിലേയും ഇറ്റലിയിലേയും ഗവേഷകര്‍ മഞ്ഞനിറത്തിലായിക്കൊണ്ടിരുന്ന ഡാവിഞ്ചിയുടെ ചിത്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പുതിയ മാര്‍ഗ്ഗങ്ങള്‍ ഇതിനകം തന്നെ കണ്ടെത്തുകയും ചെയ്തിരിക്കുന്നു എന്ന ശുഭവാര്‍ത്തയും ലോകത്തിന് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം.
യഥാര്‍ഥ ചിത്രത്തില്‍ സ്പര്‍ശിക്കാതെ തന്നെ പരിഹാരങ്ങള്‍ കണ്ടെത്തുകയായിരുന്നു. സൂര്യപ്രകാശത്തെ ആകര്‍ഷിക്കുന്ന ക്രോമോഫോര്‍ എന്ന തന്‍മാത്രകള്‍ പ്രാചീനകാലത്തെ ആ കടലാസുകളില്‍ എത്രമാത്രമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടി. ഈ ചിത്രത്തോടൊപ്പം നശിച്ച് തുടങ്ങിയ മറ്റു ചില ചിത്രങ്ങളും ഇത്തരത്തില്‍ സംരക്ഷിക്കാന്‍ ഗവേഷകര്‍ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുകയാണ്.
1500 കളില്‍ ചുവന്ന ചോക്കുപയോഗിച്ച് ഡാവിഞ്ചി വരച്ച തന്‍റെ മുഖചിത്രം കാലങ്ങളായി ചുടേറിയ അവസ്ഥകളില്‍ സൂക്ഷിക്കേണ്ടി വന്നതിന്‍റെ ഭാഗമായാണ് നശിക്കാന്‍ കാരണമായത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രതിസന്ധിക്ക് പരിഹാരമായി. പ്രകാശം തട്ടുമ്പോള്‍ ക്രോമോഫോറുകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കടലാസ് മഞ്ഞനിറമായി മാറുകയായിരുന്നു. കടലാസിലെ സെല്ലുലോസിലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നും പഠനസംഘം പറയുന്നു.
വെളിച്ചവും പൊടിയും മറ്റ് മാലിന്യങ്ങളും കടലാസില്‍ എത്തുകയും അവ ക്രോമോഫോറില്‍ തട്ടി പ്രതിഫലിച്ച് പുറത്തേക്കെത്തുകയും ചിത്രം മഞ്ഞനിറമായി മാറുകയും ചെയ്യുന്നു. അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ സാങ്കേതിക സഹായത്തോടെ ക്രോമോഫോറുകളുടെ അളവുകള്‍ പരിശോധിക്കാനും മഞ്ഞനിറം ഉണ്ടാക്കുന്ന ഈ പദാര്‍ഥത്തിനെ കൃത്യമായി നിയന്ത്രിച്ച് പ്രശ്നം പരിഹരിക്കാനുമാണ് ഗവേഷകര്‍ പുതിയ പരീക്ഷണത്തിലൂടെ ശ്രമിക്കുന്നത്.