FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

കടല്‍ക്കൊല: കേന്ദ്രം നിയമോപദേശം തേടി

Tuesday, Jul 1, 2014,23:13 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡല്‍ഹി
കടല്‍ക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കേസില്‍ ഇറ്റലിക്കുവേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി അറ്റോര്‍ണി ജനറലായ സാഹചര്യത്തിലാണു കേസിന്‍റെ ഭാവിയെക്കുറിച്ചുള്ള നിയമ മന്ത്രാലയത്തിന്‍റെ നിലപാട് തേടിയത്. കേസില്‍ സുവ നിയമം ചുമത്തുന്നത് സംബന്ധിച്ച നിലപാടും ആരാഞ്ഞു.
കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നതിനെ ഇറ്റലി സര്‍ക്കാരിനുവേണ്ടി ഹാജരായ റോഹത്ഗി കഴിഞ്ഞ ഏപ്രിലില്‍ എതിര്‍ത്തിരുന്നു. കേസ് അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരമില്ലെന്നും സിബിഐയാണ് അന്വേഷണം നടത്തേണ്ടതുമെന്നാണ് റോഹത്ഗി വാദിച്ചത്.
“”ഇത്രയും കാലം ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനായിരിക്കുക എന്ന പ്രത്യേക സാഹചര്യമാണിപ്പോള്‍. കേസില്‍ എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് ഇപ്പോഴത്തെ സംശയം. കേസിന്‍റെ ഗൗരവം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, നിയമപരമായ പുതിയ നിര്‍ദേശം ആവശ്യമുണ്ട്”- ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസ് വിചാരണ വൈകുന്നതിനെതിരേ ഇറ്റലി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇറ്റലിയുടെ നിസഹകരണം മൂലമാണു കേസ് വൈകുന്നതെന്ന് ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചിരുന്നു. കേസില്‍ പ്രതികളല്ലാത്ത നാല് ഇറ്റാലിയന്‍ നാവികരെ ചോദ്യംചെയ്യാന്‍ അനുമതി നല്‍കാത്തത് അടക്കമുള്ള കാരണങ്ങള്‍ കേസ് വൈകിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍റിക്ക ലെക്സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇറ്റാലിയന്‍ നാവികരായ ലെത്തോറെ മസിമിലിയാനൊ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് പ്രതികള്‍.