FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

ഇൻഷുറൻസ് ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ചു

Monday, Aug 4, 2014,12:19 IST By metrovaartha A A A

ന്യൂഡൽഹി
ഇന്‍ഷ്വറന്‍സ് രംഗത്തു വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്നു 49 ശതമാനമായി ഉയര്‍ത്താനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബില്‍ അവതരണം മാറ്റിവയ്ക്കുകയായിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം ഇന്നോ നാളെയോ ബില്‍ അവതരിപ്പിക്കാന്‍ ശ്രമം തുടരുകയാണ് എന്‍ഡിഎ നേതൃത്വം.

ബില്‍ സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തില്‍ ഒമ്പതു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചുനിന്നതാണു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
ഇന്നലെ രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ യുപിഎ ഘടകകക്ഷി എന്‍സിപിയും ഒഡീശ കക്ഷി ബിജെഡിയും മാത്രമാണ് പ്രതിപക്ഷത്തു നിന്നു ബില്ലിനെ പിന്തുണയ്ക്കാന്‍ തയാറായത്. ബില്ലില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം സന്നദ്ധത അറിയിച്ചെങ്കിലും സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും.
രാജ്യത്തിന് ഇപ്പോള്‍ വിദേശ നിക്ഷേപം ആവശ്യമുണ്ടെന്നും ഇന്‍ഷ്വറന്‍സ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ബില്‍ സഹായകമെന്നും ബിജെഡി അംഗം ജയ് പാണ്ഡെ പറഞ്ഞു. ബില്‍ പാസായാലുടന്‍ 20,000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നാണു കരുതുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 60,000 കോടിയുടെ നിക്ഷേപമുണ്ടാകും.
250 അംഗ രാജ്യസഭയില്‍ 64 എംപിമാരാണ് എന്‍ഡിഎയ്ക്ക്. കോണ്‍ഗ്രസിന് 69. സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ക്കെല്ലാം കൂടി 136. ഇവരില്‍ അണ്ണാ ഡിഎംകെ, ബിഎസ്പി, എസ്പി കക്ഷികളുടെ നിലപാടു മാറ്റിയെടുക്കാമെന്നു സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇവര്‍ക്കൊപ്പം സ്വതന്ത്രര്‍ കൂടി ചേര്‍ന്നാലേ സഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാരിനാവൂ. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ പരിഷ്കരണ തീരുമാനമെന്ന നിലയില്‍ സര്‍ക്കാരിനു നിര്‍ണായകമാണ് ഇന്‍ഷ്വറന്‍സ് ബില്‍.