FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
Cinema

അലിഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍…

Saturday, Dec 20, 2014,1:00 IST By അരവിന്ദ് A A A

കപട മതവാദികള്‍ക്കും മതത്തെ കച്ചവടമാക്കിയവര്‍ക്കെതിരേ, അതിനായി പരിശുദ്ധ വേദപുസ്തകത്തിലെ തിരുവചനങ്ങള്‍ വളച്ചൊടിക്കുന്നവരോടുള്ള ചോദ്യങ്ങള്‍ ഫാത്തിമ ഉന്നയിക്കുമ്പോള്‍ സാമൂഹിക അധഃപതനത്തിനെതിരേ സിനിമയെന്ന കലാരൂപത്തിലൂടെ എങ്ങനെ പൊരുതാമെന്നു കാണിച്ചുതരുന്നു അലിഫ് എന്ന മലയാളം സിനിമ. മതത്തിന്‍റെ മൂല്യച്യുതിയെ തുറന്നുകാണിക്കുന്നു എന്‍.കെ. മുഹമ്മദ് കോയ എന്ന സംവിധായകന്‍. അലിഫിലെ നായിക ഫാത്തിമയും അവളുടെ അമ്മ ഇറ്റാത്തയും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പരസ്യമായി ചോദിക്കാന്‍ മതത്തിന്‍റെ വേലിക്കെട്ടുകളില്‍ കുടുങ്ങിയ സ്ത്രീകളില്‍ ഒരുവള്‍ തയ്യാറായാല്‍ അലിഫ് വിജയിക്കും.
സംവിധായകന്‍റെയും സഹപ്രവര്‍ത്തകരുടെയും മാത്രം ശബ്ദമായി അലിഫ് മാറിയാല്‍ സാമൂഹ്യ വിപ്ലങ്ങള്‍ ഏറെ സൃഷ്ടിച്ച നവോഥാന കേരളത്തിന് അപമാനിച്ചു തലതാഴ്ത്താം. ഒരു പക്ഷേ മതത്തിന്‍റെ പേരില്‍ ലാഭം കൊയ്യുന്നവര്‍ ഇനി അലിഫിനെതിരേ, അതിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്കെതിരേ വാളെടുക്കുമായിരിക്കും, ഊരു വിലക്കുമായിരിക്കും. എങ്കിലും പരിശുദ്ധ വേദ പുസ്തകത്തിലെ പുണ്യ വചനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ വിവരിച്ചു നല്‍കിയതില്‍ അവര്‍ക്ക് അഭിമാനിക്കാം.
മതത്തിന്‍റെ അധഃപതനത്തെ തുറന്നു കാട്ടി
ഫാത്തിമയിലൂടെ ഒരു സമുദായത്തെ ബാധിച്ച അധഃപതനത്തെ തുറന്നു കാട്ടുന്നു അലിഫ് എന്ന ചിത്രം. വേദ പുസ്തകത്തിന്‍റെ പേരില്‍, പ്രവാചകന്‍റെ പേരില്‍, പള്ളി കമ്മിറ്റികളുടെ പേരില്‍ സ്ത്രീയെയും സമുദായത്തെയും ചൊല്‍പ്പടിക്കു നിര്‍ത്താനായുള്ള ദുര്‍വ്യാഖ്യാനങ്ങളെ മഹത് വചനങ്ങളിലൂടെ തന്നെ പൊളിച്ചു കാട്ടാന്‍ സംവിധായകന്‍ കാണിച്ച ആര്‍ജ്ജവം അഭിനന്ദനാര്‍ഹം. ഇത്തരമൊരു സങ്കീര്‍ണമായ വിഷയം പ്രമേയമാക്കുമ്പോള്‍ സംഭവിക്കാമായിരുന്ന കലാമൂല്യ ചോര്‍ച്ച, ഒട്ടും സംഭവിക്കാതെ വിനോദ ഉപാധിയെന്ന നിലയില്‍ സിനിമയെ സിനിമയായി തന്നെ പ്രേക്ഷകനു മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞു അണിയറ പ്രവര്‍ത്തകര്‍ക്ക്. മൂന്നാം പ്രദര്‍ശനത്തിനും നിറഞ്ഞു കവിഞ്ഞ തിയറ്റര്‍, ഒന്നേ മുക്കാല്‍ മണിക്കൂര്‍ നിന്നുകൊണ്ടു സിനിമ കണ്ട പ്രേക്ഷകര്‍, ഓരോ സംഭാഷണത്തെയും കൈയടികളോടെ സ്വീകരിച്ച 19-ാം കേരള രാജ്യാന്തര ചലചിത്ര മേളയിലെ പ്രതിനിധികള്‍ ഇവരൊക്കെ തന്നെയാണ് അലിഫിന്‍റെ സ്ഥാനം അമരത്തു തന്നെയെന്നു സ്ഥാപിക്കുന്നത്.
സ്ത്രീയുടെ അഭിമാന ബോധമുയര്‍ത്തി
തലാഖിലൂടെ ജീവിതം തകര്‍ന്ന ഫാത്തിമ ഉന്നയിക്കുന്ന ചോദ്യത്തെ മതത്തെ അതിന്‍റെ യഥാര്‍ഥ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കു തള്ളിക്കളയാനാകില്ല. തലാഖിനുള്ള കാരണങ്ങളില്‍ അവസാനത്തേത്, ഒരു പുരുഷന് ഒരു സ്ത്രീയില്‍ സംതൃപ്തി ലഭിച്ചില്ലെങ്കില്‍ മറ്റൊരാളിനെ നിക്കാഹ് ചെയ്യാമെന്നാണ്. മത പ്രഭാഷകന്‍റെ ഈ വാദം കേള്‍ക്കുമ്പോള്‍ ഫാത്തിമയ്ക്ക് തോന്നുന്ന സംശയം മറ്റു സ്ത്രീകള്‍ക്കും തോന്നിയിരിക്കാം. അഭിപ്രായ സ്വാതന്ത്ര്യംalif_3 അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതീകമായി മൗനിയാകാന്‍ സ്വാതന്ത്ര്യ സമര സേനാനി കുഞ്ഞിയമ്മു സാഹിബിന്‍റെ ചെറുമകള്‍ക്കു കഴിയില്ല. അവള്‍ എഴുന്നേറ്റു നിന്നു ചോദിച്ചു. സംതൃപ്തി തോന്നാത്തതു സ്ത്രീക്കാണെങ്കിലോ? ചോദ്യം ചെന്നു തറച്ചതു കപട മതവാദികളുടെ നെഞ്ചത്തു തന്നെ. പിന്നെ ഊരുവിലക്കായി, പള്ളിവിലക്കായി, എന്തിനു ഫാത്തിമയുടെ പിഞ്ചു മകനു ഖബറിടം പോലും നിഷേധിക്കുന്നതു വരെയെത്തി. ജീവിതത്തോടും മതത്തെ വില്‍പ്പന ചരക്കാക്കുന്ന പ്രമാണിമാരോടും പൊരുതി ജോലി സമ്പാദിക്കുമ്പോള്‍ മൂന്നു വട്ടം ചൊല്ലിയ തലാഖ് പോലും വിസ്മരിച്ചെത്തുന്നു ഭര്‍ത്താവ്. ഇയാളെ മതം തന്നെ നല്‍കുന്ന ആനുകൂല്യത്തില്‍ തലാഖ് ചൊല്ലി പുറന്തള്ളുമ്പോള്‍ ഫാത്തിമയില്‍ കാണുന്നത് അഹങ്കാരമല്ല, അഭിമാന ബോധമാണ്. ആ ബോധത്തെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
തുറന്നു കാട്ടാന്‍ ഉറക്കെ വിളിച്ചു പറയാന്‍ വിശ്വാസിയായ ഒരാള്‍ രംഗത്തു വന്നപ്പോള്‍ അതില്‍ അഭിമാനിക്കാന്‍ കാണികള്‍ക്കും കഴിയുന്നു. ആ വികാരം ഇനി ആളിക്കത്തും. കാത്തിരിക്കേണ്ടി വരുമെങ്കിലും കപട മതവാദികളുടെ മേല്‍ പതിക്കാനുള്ള വജ്രായുധത്തിന്‍റെ കൂട്ടാണ് അലിഫ് എന്ന സിനിമ.