FLASH NEWS
Breaking News
കീഴാറ്റൂർ സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി സുധാകരൻ
India

നികുതിദായകര്‍ക്ക് നിരാശ, നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം

Sunday, Mar 1, 2015,2:02 IST By മെട്രൊവാര്‍ത്ത A A A

ബജറ്റ് അവതരണത്തിനായി പാര്‍ലമെന്‍റിലേക്ക് പോകും മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിക്കുന്നു. സഹമന്ത്രി ജയന്ത് സിന്‍ഹ സമീപം.

ന്യൂഡല്‍ഹി: ആദായനികുതി ഒഴിവു പരിധിയില്‍ മാറ്റം വരുത്താതെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റ്. അതേസമയം, ആദായനികുതി ഇളവുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നു അദ്ദേഹം.
ആരോഗ്യ ഇന്‍ഷ്വറന്‍സ് നികുതിയൊഴിവു പരിധി 15000 രൂപയില്‍നിന്ന് 25,000 രൂപയാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് 30,000 രൂപയായി ഉയര്‍ത്തി. ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്ക് 30,000 രൂപവരെയുളള ചികിത്സാ ചെലവിന് നികുതിയൊഴിവ്. ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവിന് നല്‍കി വന്ന ഇളവ് പരിധി 80,000 രൂപയാക്കി വര്‍ധിപ്പിച്ചു. അംഗപരിമിതര്‍ക്കു 25,000 രൂപയുടെ അധിക ഇളവ് നല്‍കും.
പെന്‍ഷന്‍ ഫണ്ട്, പുതിയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള നികുതിയൊഴിവ് പരിധി ഒന്നര ലക്ഷമാക്കി ഉയര്‍ത്തി. പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് 50,000 രൂപയുടെ അധിക ഇളവ് ലഭിക്കും. ഇതോടൊപ്പം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തെയും ആദായനികുതി ഒഴിവില്‍ ഉള്‍പ്പെടുത്തി. യാത്രാ ബത്തയ്ക്ക് അനുവദിച്ചിട്ടുള്ള നികുതി ഒഴിവ് പരിധി പ്രതിമാസം 800 രൂപയില്‍ നിന്ന് 1600 രൂപയാക്കി വര്‍ധിപ്പിച്ചു. വരിഷ്ഠ ഭീമയോജനയില്‍ മുതിര്‍ന്ന പൗരാര്‍ക്ക് സേവനനികുതി ഒഴിവാക്കി.
സ്വത്ത് നികുതി ഒഴിവാക്കിയെങ്കിലും അതിസമ്പന്നര്‍ക്കു പുതിയ നികുതി നിര്‍ദേശമാണു അരുണ്‍ ജയ്റ്റ്ലി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഒരു കോടിക്കു മുകളില്‍ ആദായമുള്ളവര്‍ക്ക് രണ്ടു ശതമാനം അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. ഇതിലൂടെ 9000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സെസും സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ സെസും കേന്ദ്ര എക്സൈസ് തീരുവയില്‍ ഉള്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശിക്കുന്നു. ഇതോടെ കേന്ദ്ര എക്സൈസ് തീരുവ 12.5 ശതമാനമായി ഉയരും. സ്വച്ഛ്ഭാരത് പദ്ധതി, ഗംഗാനദി ശുചീകരണ പദ്ധതി എന്നിവയിലേക്ക് സംഭാവനകളെ നികുതിയില്‍ നിന്നൊഴിവാക്കി.
കമ്പനികളുടെ ആദായ നികുതി പരിധിയും വര്‍ധിപ്പിച്ചില്ല. 10 കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് 7 ശതമാനവും 10 കോടിക്കു മുകളില്‍ വരുമാനമുള്ള കമ്പനികള്‍ക്ക് 12 ശതമാനവും സര്‍ചാര്‍ജ്. 10 കോടി വരെ വരുമാനമുള്ള വിദേശ കമ്പനികള്‍ക്ക് രണ്ടു ശതമാനവും 10 കോടിയിലധികം വരുമാനമുള്ള കമ്പനികള്‍ക്ക് അഞ്ചു ശതമാനവും സര്‍ചാര്‍ജ് ഈടാക്കും.
കല്‍ക്കരി മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്ലീന്‍ എനര്‍ജി സെസ് പരിധി ഉയര്‍ത്തി. ഒരു മെട്രിക് ടണ്‍ കല്‍ക്കരിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെസ് നൂറില്‍ നിന്ന് ഇരുനൂറു രൂപയാക്കി. വ്യാവസായിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന എഥിലീന്‍ പോളിമര്‍ കൊണ്ടുണ്ടാക്കുന്ന ബാഗുകള്‍ക്കും ചാക്കുകള്‍ക്കും ഏര്‍പ്പെടുത്തിയ എക്സൈസ് നികുതി 15 ശതമാനമാക്കി. മാലിന്യ സംസ്കരണത്തിനു സ്ഥാപിക്കുന്ന പൊതു സംസ്കരണ പ്ലാന്‍റുകളെ സേവനനികുതിയില്‍ നിന്നൊഴിവാക്കി. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിരുന്ന കസ്റ്റംസ്, എക്സൈസ് തീരുവ സൗജന്യങ്ങള്‍ 2016 മാര്‍ച്ച് 31 വരെ തുടരും.
ബജറ്റില്‍ സേവന നികുതിയിലും മാറ്റം വരുത്തി. വിദ്യാഭ്യാസ സെസ് ഉള്‍പ്പെടെ സേവനനികുതി നിരക്ക് 14 ശതമാനമാക്കി. പുതിയ സേവന നികുതി നിരക്കില്‍ വിദ്യാഭ്യാസ സെസും സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സെസും ഉള്‍പ്പെടുത്തി. വ്യവസായ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സേവന നികുതി പരിധിയില്‍ വരും. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കു നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു.
ഒരു ലക്ഷംരൂപ വരെ ചെലവുള്ള നാടകങ്ങള്‍, ക്ലാസിക്കല്‍, കലാപ്രകടനങ്ങള്‍, കലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കും. റെയ്ല്‍വേ വഴി പയറുവര്‍ഗങ്ങള്‍, ധാന്യപ്പൊടി, പാല്‍, ഉപ്പ്, ധാന്യങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതു സേവനനികുതി പരിധിയില്‍ ഉള്‍പ്പെടില്ല.
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ഗാര്‍ രണ്ടു വര്‍ഷത്തേക്കു നീട്ടി വയ്ക്കും. 2017 ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമേ ഇതു ബാധമാകൂ. 22 ഇനങ്ങളിലെ അസംസ്കൃത വസ്തുക്കള്‍ക്കും ഭാഗങ്ങള്‍ക്കുമുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്ക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.