FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്

Wednesday, May 27, 2015,3:50 IST By metrovaartha A A A

ന്യൂഡല്‍ഹി: ജി.കാര്‍ത്തികേയന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്. വോട്ടെണ്ണല്‍ 30ന്. വിജ്ഞാപനം ജൂണ്‍ മൂന്നിന്. 10 വരെ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന. 13 വരെ പത്രിക പിന്‍വലിക്കാം.
ബാലറ്റു പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിപ്പിച്ച ആദ്യ തെരഞ്ഞെടുപ്പാണ് അരുവിക്കരയിലേത്. മാതൃകാ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മണ്ഡലത്തില്‍ നിലവില്‍ വന്നു. അരുവിക്കര കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലും 27നാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും.
ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം നടത്തി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുന്നതിനാണ് യോഗം.
മുന്‍മന്ത്രി എം. വിജയകുമാറിനാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനായിരിക്കും.
കോണ്‍ഗ്രസാകട്ടെ ജി. കാര്‍ത്തികേയന്‍റെ ഭാര്യ ഡോ. സുലേഖയെ സ്ഥാനാര്‍ഥിയാക്കുന്നതിനാണു ശ്രമിക്കുന്നത്. എന്നാല്‍, ഇതിനെതിരേ ചില ജില്ലാ നേതാക്കള്‍ രംഗത്തുണ്ട്. സുലേഖ അനുകൂല നിലപാട് അറിയിച്ചിട്ടുമില്ല.
ബിജെപിയും ശക്തമായ മത്സരത്തിനാണു തയാറെടുക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഒ. രാജഗോപാലിനെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താഞ്ഞത് അരുവിക്കരയില്‍ മത്സരിപ്പിക്കാനാണെന്നും സൂചനയുണ്ട്. പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജ് അഴിമതി വിരുദ്ധമുന്നണിയുടെ സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി അരുവിക്കരയില്‍ രംഗത്തിറങ്ങും.