FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
India

കലാം കാലാതീതന്‍

Friday, Jul 31, 2015,2:00 IST By പ്രത്യേക ലേഖകന്‍ A A A

ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന് രാമേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അര്‍പ്പിക്കുന്നു

രാമേശ്വരം: സാഗരങ്ങള്‍ സാക്ഷിയാക്കി, ഭാരതത്തിന്‍റെ അനന്ത വിഹായസിലേക്ക് അഗ്നിച്ചിറകുകള്‍ വിരിയിച്ച വിശ്രുത ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്ര നായകനും ഭാരതരത്നവുമായ പദ്മവിഭൂഷന്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് രാമേശ്വരം കടലോരത്ത് ശാന്തി നിദ്ര.
നിലയ്ക്കാത്ത കടലിരമ്പവും ഒഴുകിനിറഞ്ഞ ജനസാഗരത്തില്‍ നിന്നുയര്‍ന്ന പ്രാര്‍ഥനാധ്വനികളും സാക്ഷിയാക്കി, ഇതിഹാസ പുരുഷന്‍ മണ്ണിലേക്കു മടങ്ങി. മധുര- രാമേശ്വരം ദേശീയപാതവക്കില്‍ അരിയൂര്‍ഗുണ്ടില്‍ തമിഴ്നാട് സര്‍ക്കാര്‍ സൗജന്യമായി വിട്ടു കൊടുത്ത ഒന്നരയേക്കര്‍ സ്ഥലത്ത് അന്തുയറങ്ങുന്ന വിശ്വപൗരന്‍ ഇനി ജനസ്മൃതികളില്‍ ഒരിക്കലും കെടാത്ത അഗ്നിജ്യോതി.
കടപ്പുറത്ത് മീന്‍ പെറുക്കി വിറ്റും കടത്തു വഞ്ചി തള്ളിയും ദിനപത്രം വിതരണം ചെയ്തും ജീവിതത്തിന്‍റെ ഊടും പാവും തീര്‍ത്ത പഴയ സാധാരണ ബാലനെയല്ല, ഇന്നലെ രാമേശ്വ രത്തെ മണല്‍ത്തരികള്‍ കണ്ടത്. പൂഴിയിട്ടാല്‍ വീഴാത്ത ജനസഞ്ചയവും പ്രതീക്ഷാ ഭരിതമായ ഇന്ത്യന്‍ യുവത്വവും പ്രാര്‍ഥനാമലരുകളുമായി ഒരു നോക്കു കാണാന്‍ കാത്തു നിന്നപ്പോള്‍ അഞ്ജലീബദ്ധനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖ നേതാക്കളും സംസ്കാരച്ചടങ്ങിലുടനീളം പങ്കെടുത്തു. പാര്‍ലമെന്‍ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു, രാജ്യരക്ഷാ മന്ത്രി മനോഹര്‍ പരീഖ്, നിരവധി കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, ചന്ദ്ര ബാബു നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കേരള മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, പി.ജെ. ജോസഫ് തുടങ്ങി നൂറുകണക്കിനു പ്രമുഖരും പങ്കെടുത്തു.
ബുധനാഴ്ച രാത്രി എട്ടു മണിയോടെ പൊതുദര്‍ശനച്ചടങ്ങുകള്‍ അവസാനിപ്പിച്ചു കലാമിന്‍റെ ഭൗതിക ദേഹം മോസ്ക് സ്ട്രീറ്റിലെ വസതിയായ ഹൗസ് ഒഫ് കലാമിലേക്കു മാറ്റി. അടുത്ത ബന്ധുക്കളും മത പണ്ഡിതരും തെരഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കളും നാട്ടുകാരും മാത്രമായിരുന്നു ഹൗസ് ഒഫ് കലാമില്‍ അന്തിമോപചാരമര്‍പ്പിച്ചത്. ഈ വീട്ടില്‍ കലാം ഉപയോഗിച്ചിരുന്ന ചെറിയ മുറിയില്‍, സ ഹോദരന്‍ മുഹമ്മദ് മുത്തുമീരാ ലബ്ബ ചിന്നമരയ്ക്കാര്‍ സൂക്ഷിച്ചു വച്ചിട്ടുള്ള കലാമിന്‍റെ പഴയ ചില പാഠപുസ്തകങ്ങളും എന്‍ജിനീയറിങ് ക്ലാസില്‍ ഉപയോഗിച്ചിരുന്ന ടീ സ്ക്വയര്‍ അടക്കമുള്ള ഏതാനും ഉപകരണങ്ങളുമുണ്ടായിരുന്നു. പ്രിയ തോഴന്‍റെ ചേതനയറ്റ ശരീരം അവസാനമായി കാണാന്‍ പഴയകാല സുഹൃത്തുക്കളും അവിടെയെ ത്തി.
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നു പുറത്തെടുത്ത മൃതദേ ഹം അടുത്തുള്ള മുഹിദീന്‍ ആണ്ടവര്‍ ജുമാ മസ്ജിദിലേക്കു മാറ്റി. അവിടെ മയ്യത്തു നമസ്കാരം നടത്തിയ ശേഷം മതപരമായ മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കി. മയ്യത്തു നമസ്കാരത്തില്‍ ഒട്ടേറെ മതപണ്ഡിതര്‍ പങ്കെടുത്തു. പള്ളിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കര-വ്യോമ- നാവികസേനാംഗങ്ങള്‍ ഏറ്റുവാങ്ങി. ദേശീയപതാക പുതപ്പിച്ച് വിലാപയാത്രയായി അരിയൂര്‍ഗുണ്ട് പേയ്ക്കിരമ്പിലെ ഖബര്‍സ്ഥാനിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ള വിവിഐപികള്‍ ഇവിടെയാണ് ഡോ. കലാമിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ദേശീയ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു സേനകളുടെയും പ്രതിനിധികള്‍ ചേര്‍ന്നു മൃതദേഹത്തില്‍ നിന്നും ത്രിവര്‍ണ പതാക നീക്കം ചെയ്തു. തുടര്‍ന്നു മൃതദേഹം വീണ്ടും അടുത്തബന്ധുക്കള്‍ക്കും മതപണ്ഡിതന്മാര്‍ക്കും പ്രാര്‍ഥനയ്ക്കായി വിട്ടുകൊടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി, സൈനികര്‍ തന്നെ ഭൗതിക ശരീരം പ്രത്യേക പീഠത്തില്‍ നിന്ന് എടുത്തു ഖബര്‍സ്ഥാനിലേക്കു കൊണ്ടു പോയി.
അവിടെ കാത്തുനിന്ന ബന്ധുക്കളും മതപ ണ്ഡിതരും ചേര്‍ന്ന് ഏറ്റുവാങ്ങി, വിശ്വപൗരനെ മണ്ണിലേക്കു മടക്കി. വീര്‍പ്പടക്കി നിന്ന പതിനായിരങ്ങള്‍ പെരിയോര്‍ വാഴ്ക എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
പേയ്ക്കിരമ്പിലെ അന്ത്യകര്‍മങ്ങള്‍ ഒരു മണിക്കൂറിലധികം ദീര്‍ഘിച്ചു. ഈ സമയമത്രയും പ്രധാനമന്ത്രി അടക്കമുള്ളവര്‍ മൃതദേഹത്തിനു സമീപം ഉണ്ടാ യിരുന്നു.
അന്ത്യവിശ്രമം കൊള്ളുന്ന അരിയൂര്‍ ഗുണ്ടില്‍ ഒട്ടും വൈകാതെ ഡോ.എപിജെ അബ്ദുള്‍ കലാമനു വേണ്ടി ദേശീയ സ്മാരകം ഉയരും; ആധുനിക ഭാരതീയ യുവത്വത്തിന്‍റെ പ്രതീകാത്മക തീര്‍ഥാടന കേന്ദ്രം എന്ന നിലയിലും രാമേശ്വ രമെന്ന ക്ഷേ ത്ര നഗരം ഇനി ഖ്യാതി നേടും.