FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
HighLight

വിദ്വേഷപ്രസംഗക്കേസില്‍ വെളളാപ്പള്ളിക്ക് ജാമ്യം

Monday, Jan 4, 2016,18:40 IST By metrovaartha A A A

കൊച്ചി: സമത്വമുന്നേറ്റ യാത്രയ്ക്കിടെ ആലുവയില്‍ നടത്തിയ പ്രസംഗത്തിലെ മതവിദ്വേഷം ആരോപിച്ച് എടുത്ത കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. വെള്ളാപ്പള്ളിക്കുവേണ്ടി അഭിഭാഷകനായി ഹാജരായത് യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസിന്‍റെ നേതാവ് അഡ്വ. എ.എന്‍. രാജന്‍ബാബു. ഇത് യുഡിഎഫില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തി.
ആലുവയിലെ പ്രസംഗത്തില്‍, മതം നോക്കിയാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും അതിന്‍റെ ഉദാഹരണമാണ് കോഴിക്കോട്ട് മാന്‍ഹോളില്‍ മരിച്ച നൗഷാദിന് 10 ലക്ഷം കൊടുത്തതും വാഹനാപകടത്തില്‍ മരിച്ച കായികതാരങ്ങള്‍ക്ക് ഒന്നും കൊടുക്കാതിരുന്നതും എന്നായിരുന്നു നടേശന്‍റെ കേസിനാധാരമായ പ്രസ്താവന. കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ പരാതിയിലാണ് കേസെടുത്തത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ നടേശന്‍ കോടതി നിര്‍ദേശിച്ച പ്രകാരമാണ് ഇന്നുരാവിലെ ആലുവയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ ഹാജരായതും തുടര്‍ന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജസ്ട്രേറ്റ് കോടതി-ഒന്നില്‍ ഹാജരാക്കപ്പെട്ട് ജാമ്യം നേടിയതും.
25,000 രൂപയുടെ ബോണ്ട് വാങ്ങി രണ്ട് ആള്‍ജാമ്യമാണ് നടേശന് അനുവദിച്ചത്. മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചേര്‍ത്താണ് നടേശനെതിരേ  പൊലീസ് കേസ്. അതിനിടെ, നടേശനുവേണ്ടി ഹാജരായത് ന്യായീകരിക്കാന്‍ രാജന്‍ ബാബുവിന് സാധിക്കില്ലെന്നും വെള്ളാപ്പള്ളിയോ യുഡിഎഫോ ഏതു വേണമെന്നു തീരുമാനിക്കേണ്ടിവരുമെന്നും വി.എം. സുധീരന്‍ പ്രസ്താവിച്ചു.