FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
HighLight

അജിത് ഡോവലും നാസര്‍ ഖാനും ചര്‍ച്ച നടത്തിയേക്കും

Wednesday, Jan 13, 2016,9:50 IST By വി. റെജികുമാര്‍ A A A

ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നാസര്‍ ഖാന്‍ ജാന്‍ജുവും അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യ- പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച നിശ്ചിത തീയതിയില്‍ത്തന്നെ നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണു സുരക്ഷാ ഉപദേഷ്ടാക്കള്‍ സുപ്രധാന ചര്‍ച്ചയ്ക്കു തയാറെടുക്കുന്നതായി വാര്‍ത്തകള്‍ വരുന്നത്.

മൂന്നാമതൊരു രാജ്യത്തുവച്ചായിരിക്കും ചര്‍ച്ചയെന്നാണു സൂചനകള്‍. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനു ശേഷം ഇരുവരും ഫോണില്‍ ഒട്ടേറെത്തവണ ആശയവിനിമയം നടത്തിയിരുന്നു. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെയാണു തുടര്‍ ആശയവിനിമയത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാനു കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെപ്പറ്റിയായിരിക്കും അടുത്ത ചര്‍ച്ച.

അതിനിടെ, പത്താന്‍കോട്ട് ആക്രമണത്തില്‍ പാക്കിസ്ഥാന്‍ കൈക്കൊള്ളുന്ന നടപടികളെ തത്കാലം അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന അവരുടെ വാക്കു വിശ്വസിക്കാമെന്നും രാജ്നാഥ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജ്നാഥ് സിങ്ങും കഴിഞ്ഞദിവസം പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.