FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Heritage

അകത്തളത്തിലൊരു ഉദ്യാനം

Saturday, Feb 13, 2016,11:43 IST By metrovaartha A A A

ഡ്രോയറുകളിലും ബുക്ക് ഷെല്‍ഫുകളിലും ഷോകെയ്സുകളിലുമൊക്കെ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന ബുക്കുകളുടെയും അലങ്കാര പാത്രങ്ങളുടെയും പൂച്ചെടികളുടെയും കാലമൊക്കെ കഴിഞ്ഞു. ആഢ്യത്വം വിളിച്ചോതുന്ന പ്രണയകാവ്യങ്ങളും, സയന്‍റിഫിക്ക് ഫിക്ഷനുകളും, ഫിലോസഫിക് പുസ്തകങ്ങളുമൊക്കെ ഒരു കാലഘട്ടത്തിന്‍റെ മാത്രം ബുദ്ധി ജീവി അലങ്കാരമായിരുന്നു. ന്യൂജെന്‍ ബുജി അലങ്കാരങ്ങളില്‍ നിറയുന്നത് പച്ചപ്പിന്‍റെ സൗന്ദര്യമാണ്. ഇന്നൊരു വീടു വയ്ക്കണമെന്നാഗ്രഹിക്കുന്നവരുടെ പ്രധാന ചര്‍ച്ചകള്‍ വീടിന്‍റെ ഭാഗമായ ഗാര്‍ഡനുകളെക്കുറിച്ചാണ്. വിശാലമായ വീട്ടിടത്തു പച്ചപ്പുല്ല് വളര്‍ത്തി, അതില്‍ നിറയെ റോസാപ്പൂക്കളും പുഷ്പലതാദികളും വച്ചുപിടിപ്പിക്കുന്നതൊക്ക ഓള്‍ഡ് ഫാഷനാണ്. വീടിനകത്തു തന്നെ പരിമിതമായ സ്ഥലത്ത് ഭംഗിയായി അലങ്കരിച്ചുവയ്ക്കുന്ന ഇന്‍ഡോര്‍ ഗാര്‍ഡനാണ് പുത്തന്‍ ട്രെന്‍ഡ്. ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിലെ പുതുമകളെക്കുറിച്ചാവട്ടെ ഈ ആഴ്ചയിലെ ഹോം ഡെക്കറില്‍.
ചെടി സ്റ്റാന്‍ഡ്
പകല്‍ മുഴുവന്‍ നീളുന്ന ജോലിത്തിരക്ക് അവസാനിപ്പിച്ചു വീട്ടിലെത്തുമ്പോള്‍ കണ്ണിന് സുഖമേകുന്ന കാഴ്ചയാണ് ചെടികളുടെ പച്ചപ്പ്. എന്നാല്‍ വീടിന് വെളിയില്‍ ഒരു ഉദ്യാനം ഒരുക്കാനും അത് സംരക്ഷിക്കാനും പലര്‍ക്കും സമയമുണ്ടായെന്നു വരില്ല. ഇതിനുളള പരിഹാരമാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍. എന്നാല്‍ വീടിനുള്ളിലെ സ്ഥലം ചെടികള്‍ അപഹരിക്കാനും പാടില്ല. ഇന്‍ഡോര്‍ ഗാര്‍ഡന്‍ തയാറാക്കുന്നവര്‍ക്കുള്ള ഏറ്റവും മികച്ച ചോയ്സാണ് ചെടി സ്റ്റാന്‍ഡുകള്‍. മൂന്നോ നാലോ തട്ടിലായി നിര്‍മിച്ച ഒരു സ്റ്റാന്‍ഡില്‍ ചെടിച്ചട്ടി വയ്ക്കുമ്പോള്‍ ലഭിക്കുന്ന ഭംഗി ഒന്നു വേറെ തന്നെയാണ്. സ്റ്റാന്‍ഡ് വയ്ക്കാനുളള സ്ഥലം മാത്രമേ ഈ ഇന്‍ഡോര്‍ ഗാര്‍ഡന് വേണ്ടിവരുന്നുള്ളൂ. ഇനി മുറിയുടെ വലിപ്പത്തിനനുസരിച്ച് സ്റ്റാന്‍ഡിന്‍റെ വലിപ്പം ക്രമീകരിക്കാം. അകത്തളത്തിലൊരുക്കുന്ന ഉദ്യാനത്തിനായി ഇലച്ചെടികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. അധികം വളര്‍ന്നുപടരാത്ത ഇലച്ചെടികള്‍ നല്‍കുന്ന പച്ചപ്പ് മനുഷ്യന്‍റെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ പോലും പറയുന്നു. ചില്ലലമാരയിലും മേശവലിപ്പുകളിലും ഉദ്യാനമൊരുക്കാം.
ഭിത്തിയിലൊരിടം
ഭിത്തികള്‍ മനോഹരമാക്കാന്‍ ക്ലാഡിങ് തെരഞ്ഞടുക്കുന്നവരാണ് ഇന്ന് പലരും. എന്നാല്‍ ക്ലാഡിങ്ങിന് പകരം അവിടെ ചെടികള്‍ വച്ചലങ്കരിച്ചാലോ? ഭിത്തികളെ ചെറിയ റാക്കുകളായി തിരിച്ചു ഓരോന്നിലും ഓരോ അലങ്കാര സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചു നോക്കൂ. ഭംഗിക്ക് വേണ്ടി പിന്നെ മറ്റൊന്നിനു പിറകേയും പോകേണ്ടതില്ല. ചുവരുകള്‍ക്ക് വെളുത്തനിറം കൂടി പൂശുകയാണെങ്കില്‍ നിങ്ങളുടെ ഇന്‍ഡോര്‍ ഗാര്‍ഡന്‍ വീട്ടിലെത്തുന്ന അതിഥികളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തടികൊണ്ടുളള റാക്കുകള്‍ ഭിത്തിയില്‍ ഉറപ്പിച്ചു അതില്‍ മണ്ണുനിറച്ചു ചെടികള്‍ വളര്‍ത്താം. ഓരോ ചെറിയ റാക്കുകളോ, നീളത്തില്‍ തടികൊണ്ട് നിര്‍മിച്ച സ്റ്റാന്‍ഡോ ഭിത്തിയില്‍ ഉറപ്പിച്ചു ചെടികള്‍ വച്ചുപിടിപ്പിക്കാം. ഇതല്ലാതെ ചെറിയ കമ്പി സ്റ്റാന്‍ഡ് ഭിത്തിയില്‍ ഉറപ്പിച്ച് അതില്‍ ചെടിച്ചട്ടികള്‍ വച്ചും ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഒരുക്കാവുന്നതാണ്.

എയ്റോ ഗാര്‍ഡനും
ടബ് ഗാര്‍ഡനും
സാധാരണയായി ഇന്‍ഡോര്‍ ഗാര്‍ഡന്‍ സ്വീകരണ മുറിയിലോ കിടപ്പുമുറികളിലോ സ്ഥാപിക്കുന്നതാണ് പതിവ്. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ഒരല്‍പ്പം പച്ചപ്പൊക്കെ കണ്ടു അടുക്കളയിലേക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ എന്തെങ്കിലും നട്ടുപിടിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും എയ്റോ ഗാര്‍ഡനും ടബ് ഗാര്‍ഡനുമൊക്കെ. ടബ് ഗാര്‍ഡന്‍ ബാത്ത്റൂമിനോട് ചേര്‍ന്നും നിര്‍മിക്കാവുന്നതാണ്. പുതിന, മല്ലിയില, കറ്റാര്‍വാഴ, പനിക്കൂര്‍ക്കയില തുടങ്ങി വിവിധതരം ഔഷധസസ്യങ്ങളാണ് എയ്റോ ഗാര്‍ഡനില്‍ നട്ടുപിടിപ്പിക്കുന്നത്. ഒരു സെറാമിക് ടബില്‍ മണല്‍ നിറച്ചു, ഒരു സ്പോഞ്ച് ഷീറ്റില്‍ ദ്വാരങ്ങളിട്ടു അതിലാണ് ചെടി നടുന്നത്. രണ്ടു ഡേ ലൈറ്റ് ബള്‍ബുകളും ടബിന് മുകളില്‍ ക്രമീകരിക്കണം. ടബ് ഗാര്‍ഡനിലും ഇതേ മാതൃകയില്‍ തന്നെയാണ് ചെടി നട്ടുപിടിപ്പിക്കുന്നത്. ചെടിക്കാവശ്യമായ വെള്ളവും വളവുമൊക്കെ എത്തിക്കാനും സംവിധാനമുണ്ട്.