FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Regional

മാസ്റ്റർപ്ലാൻ വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാകുന്നു

Tuesday, Mar 15, 2016,12:03 IST By ബി.വി അരുൺ കുമാർ A A A

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും കൊമ്പുകോര്‍ക്കുന്നു. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചു സര്‍ക്കാരിന്‍റെ പുതിയ ഉത്തരവിനെച്ചൊല്ലിയാണു വാക്ക്പോരു രൂക്ഷമായത്. 2013ലാണു സര്‍ക്കാര്‍ വിവാദപരമായ നഗരവികസന മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവന്നത്. വന്‍ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2014ല്‍ സര്‍ക്കാര്‍ തന്നെ മരവിപ്പിച്ച മാസ്റ്റര്‍പ്ലാനാണു വീണ്ടും നടപ്പാക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആറ്റിപ്ര, കാട്ടായിക്കോണം പ്രദേശങ്ങളിലെ വികസന പദ്ധതികളാണ് ഉത്തരവിലുണ്ടായിരുന്നത്. ഇതിനെതിരെ ജനകീയ സമരങ്ങളും എല്‍ഡിഎഫിന്‍റെ നേതൃത്വത്തിലുള്ള സമരവും അരങ്ങേറി. ഇംഗ്ലീഷില്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ സാധാരണക്കാരായ നാട്ടുകാര്‍ക്കു മനസിലാക്കാനും പ്രയാസമായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ച് ആശങ്കകളെല്ലാം പരിഹരിച്ച ശേഷം പുതിയ മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും നടപ്പാക്കാതെ വീണ്ടും പഴയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനൊരുങ്ങുകയാണു സര്‍ക്കാര്‍. ഇതിനെതിരെ തിരുവനന്തപുരം നഗരസഭ രംഗത്തെത്തി. യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെയുള്ള മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കാനാകില്ലെന്നാണു നഗരസഭയുടെ വാദം. മരവിപ്പിച്ച മാസ്റ്റര്‍പ്ലാന്‍ അതേപടി നടപ്പാക്കാനാണു സര്‍ക്കാര്‍ ഉത്തരവ്. മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ചതു നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും അതിനാല്‍ മാസ്റ്റര്‍പ്ലാന്‍ ഭാഗികമായെങ്കിലും തിരികെ കൊണ്ടുവരണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആവശ്യത്തെ തുടര്‍ന്നാണു പുതിയ ഉത്തരവെന്നും ആരോപണമുണ്ട്. 360 ഏക്കര്‍ സ്ഥലത്ത് ഐടി സ്ഥാപനങ്ങളും റീജ്യനല്‍ ക്യാന്‍സര്‍ സെന്‍റര്‍, സെന്‍ട്രല്‍ ജയില്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവയുമാണ് ആദ്യ മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ആറ്റിപ്ര, കാട്ടായിക്കോണം, ചന്തവിള വാര്‍ഡുകളിലെ ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാതെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണു നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പറഞ്ഞതനുസരിച്ചു നാട്ടുകാരുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടുള്ള പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും അതു നിലനില്‍ക്കെയാണു സര്‍ക്കാര്‍ പഴയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതെന്നും നഗരസഭാ മേയര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള തന്ത്രങ്ങളാണിതെന്നാണു മേയറുടെ ആരോപണം. തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം നഗരസഭയും സര്‍ക്കാരും തമ്മിലുള്ള പുതിയൊരു പോര്‍മുഖമാണു തുറന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചു പുതിയ ആരോപണങ്ങളും പ്രത്യാരോപണങ്ങള്‍ക്കും തലസ്ഥാനം സാക്ഷിയാകും.