FLASH NEWS
Breaking News
കീഴാറ്റൂർ സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി സുധാകരൻ
Regional

മാസ്റ്റര്‍പ്ലാന്‍: സര്‍ക്കാര്‍ ഉത്തരവ് അവ്യക്തമെന്ന് മേയര്‍

Tuesday, Mar 15, 2016,11:43 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: തിരുവനന്തപുരം നഗരവികസന മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അവ്യക്തമെന്നു മേയര്‍ വി.കെ. പ്രശാന്ത്. സര്‍ക്കാര്‍ ഉത്തരവില്‍ വിഷയാവതരണത്തില്‍ പറയുന്നതു കണ്ണൂരിലെ കാര്യമാണ്. എന്നാല്‍ സ്റ്റേറ്റ്മെന്‍റിനകത്താണു മരവിപ്പിച്ച തിരുവനന്തപുരം കരട് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതു സംബന്ധിച്ചു പരാമര്‍ശം വന്നിരിക്കുന്നത്. അതുതന്നെ ഒരു സംശയാസ്പദമായ കാര്യമാണെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കൊണ്ടുവന്ന മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചു വന്‍ ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. ജനങ്ങളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരവും ഉണ്ടാവുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എതിര്‍പ്പുകളെല്ലാം പരിഹരിച്ചു മാസ്റ്റര്‍പ്ലാനില്‍ ഭേദഗതി വരുത്തി കാര്യങ്ങള്‍ ചെയ്യാമെന്ന് അന്നു ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉറപ്പു നല്‍കിയശേഷം ആ ഉത്തരവു മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരുവിധ സര്‍വെ പോലും നടത്താതെയാണു തിടുക്കപ്പെട്ടു മുഖ്യമന്ത്രി ഇപ്പോള്‍ രണ്ടാമതൊരു ഉത്തരവിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മാസ്റ്റര്‍പ്ലാന്‍ നടത്താന്‍ ആഗ്രഹിക്കുന്നതു തികച്ചും രാഷ്ട്രീയമായാണ്. ഭരണം അവസാനിക്കാറായ സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഇത്തരത്തിലൊരു നിലപാടെടുക്കാനുള്ള സാഹചര്യം എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും മേയര്‍. മാസ്റ്റര്‍പ്ലാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു ജനങ്ങള്‍ക്കു നല്‍കി വാര്‍ഡ് സഭകളില്‍ ചര്‍ച്ച ചെയ്തുകൊണ്ടു ജനാധിപത്യനയം മാനിച്ചു വേണം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കേണ്ടതെന്നു നേരത്തെ തന്നെ നഗരസഭ നിലപാട് അറിയിച്ചിരുന്നു. ഇതനുസരിച്ചു സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ തിടുക്കപ്പെട്ടിറക്കിയ ഉത്തരവു സംബന്ധിച്ചു വ്യക്തത വരുത്തേണ്ടതു സര്‍ക്കാര്‍ തന്നെയാണ്. ഈ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കിടയില്‍പ്പോലും വലിയ ആശങ്കയാണു വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവു സംബന്ധിച്ചു വ്യക്തതവരുത്തണം വേണമെന്നാവശ്യപ്പെട്ടു നഗരകാര്യ സെക്രട്ടറിക്കും വകുപ്പു മന്ത്രിക്കും കത്തു നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതനുസരിച്ച് ഈ മാസം 19നു പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്നും മേയര്‍ പറഞ്ഞു. യോഗത്തില്‍ മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവു സംബന്ധിച്ചുള്ള കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും മേയര്‍ പറഞ്ഞു. തിടുക്കപ്പെട്ട് ഉത്തരവിറക്കിയത് എന്തിനെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. സ്ഥലം എംഎല്‍എ തന്നെ ഇടപെട്ട് അതു വ്യക്തമാക്കേണ്ടതായിരുന്നു. ആദ്യത്തെ മാസ്റ്റര്‍പ്ലാനിലെ ആക്ഷേപങ്ങളില്‍ ഏറെക്കുറെ പരിഹരിച്ചുകൊണ്ടാണു രണ്ടാമത്തെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്. അതും മലയാളത്തിലാണു തയാറാക്കിയിരിക്കുന്നത്. ആദ്യത്തേതില്‍ പറഞ്ഞിരുന്ന ജയില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണു പുതിയ മാസ്റ്റര്‍പ്ലാന്‍. അതു നിലനില്‍ക്കെ സര്‍ക്കാര്‍ പഴയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇതുസംബന്ധിച്ചുള്ള വ്യക്തത വരുത്തേണ്ടതു സര്‍ക്കാര്‍ തന്നെയാണ്. പുതിയ മാസ്റ്റര്‍പ്ലാനാണോ, അതോ പഴയതാണോ എന്നതുസംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ജനവിരുദ്ധപരമായ നയങ്ങള്‍ മാറ്റി കൃത്യമായ സര്‍വെയുടെ അടിസ്ഥാനത്തില്‍ വേണം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കേണ്ടത്. വിവാദമായ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചു എല്‍ഡിഎഫ് വാര്‍ഡ് കൗണ്‍സിലര്‍മാരും ആറ്റിപ്ര, കാട്ടായിക്കോണം, ചന്തവിള പ്രദേശവാസികളും സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി. വൈകിട്ട് ആറിനു രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാവൂവെന്നു നാട്ടുകാര്‍.