FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

അനിയുടെ മൃതദേഹം ആളറിയാതെ കൊണ്ടുപോയത് മൂന്നിടിത്ത്, ഒടുവില്‍ സ്വവസതിയില്‍ അന്ത്യനിദ്ര

Saturday, Apr 16, 2016,9:27 IST By മെട്രൊവാര്‍ത്ത A A A

കല്ലമ്പലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചു തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം ആളുമാറി സംസ്കരിക്കാന്‍ കൊണ്ടുപോയത് മൂന്നിടത്ത്. ആളുമാറിയെന്നു തിരിച്ചറിഞ്ഞതോടെ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു തിരികെ കൊണ്ടുവന്ന മൃതദേഹം ഒടുവില്‍ യഥാര്‍ഥ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.
നാവായിക്കുളം വെട്ടിയറ ആലുംകുന്ന് കോളനിയില്‍ അനിയുടെ (36) മൃതദേഹമാണ് കടയ്ക്കല്‍, വെഞ്ഞാറമൂട്, ചടയമംഗലം എന്നിവിടങ്ങളില്‍ ആളു മാറി കൊണ്ടുപോയത്. വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു മൃതദേഹം. അതിനിടെ അനിയുടെ വീട്ടുകാര്‍ കാണാനില്ലെന്നു കാട്ടി പൊലീസില്‍ വിവരമറിയിച്ചിരുന്നു. അപകട ദിവസം രാത്രി അനിയും സുഹൃത്ത് പ്രദീപും ഒരുമിച്ചിരുന്ന് കമ്പം കണ്ടതായി ഒരകന്ന ബന്ധു വീട്ടുകാരെ അറിയിച്ചു. പ്രദീപ് മരിച്ചതായും സ്ഥിരീകരിച്ചു.
തുടര്‍ന്നു ബന്ധുക്കള്‍ കൊല്ലത്തും കരുനാഗപ്പള്ളിയിലും തിരുവനന്തപുരത്തുമുള്ള ആശുപത്രികളെല്ലാം അരിച്ചുപെറുക്കിയെങ്കിലും അനിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടന്‍ന്നു പരവൂരുമായി ബന്ധപ്പെട്ട ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നത് ഒരു ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അനിയുടേതുമായി സാമ്യമുള്ളതായി ബന്ധുക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടന്‍ന്നു നാവായിക്കുളം പഞ്ചായത്തംഗം സുനിതയുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുമായി ബന്ധപ്പെടുകയും ചിത്രമെടുത്ത ഫോട്ടൊഗ്രാഫറെ വിളിച്ചുവരുത്തി ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായും അന്വേഷണത്തില്‍ മനസിലായി.
എന്നാല്‍, മൂന്നിടത്തു കൊണ്ടുപോയി വിവാദം സൃഷ്ടിച്ച മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. വ്യക്തമായ അടയാളങ്ങള്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ബന്ധുക്കള്‍ പറഞ്ഞ അടയാളങ്ങളെല്ലാം ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷമാണ് വിട്ടുകൊടുത്തത്. ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: സുനിത, മക്കള്‍: അനീഷ്, അഖില.