FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

വട്ടിയൂര്‍ക്കാവില്‍ ത്രികോണ മത്സരം

Saturday, Apr 16, 2016,9:36 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: സംസ്ഥാനത്തെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മൂന്നു മുന്നണികളും വിജയ പ്രതീക്ഷ പുലര്‍ത്തുന്നു. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ രൂപം കൊണ്ട വട്ടിയൂര്‍ക്കാവ്, സ്വഭാവത്തില്‍ പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ്. എന്നാല്‍, തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിന്‍റെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ടപ്പോള്‍ ഒരാള്‍ക്കും വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാനില്ലാത്ത സ്ഥിതി.
പുനര്‍ നിര്‍ണയത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ മണ്ഡലം യുഡിഎഫ് അക്കൗണ്ടില്‍ ചേര്‍ത്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കു തിരിച്ചു വന്ന മുരളീധരന്‍ സ്വന്തം തട്ടകമായിരുന്ന കോഴിക്കോടുനിന്നു മാറി നില്‍ക്കുന്നതും ആദ്യം. അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നിറ സാന്നിധ്യമായിരുന്ന മുരളീധരന്‍ മികച്ച പ്രതീക്ഷയോടെയാണു വീണ്ടും മത്സരത്തിനിറങ്ങിയത്.
നോര്‍ത്ത് മണ്ഡലത്തില്‍ പ്രതികൂല സാഹചര്യത്തില്‍ പോലും ജയിച്ചു കയറിയ ആത്മ വിശ്വാസമാണ് ഇടതുപക്ഷത്തിന്‍റെ കൈമുതല്‍. മണ്ഡലത്തില്‍ ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും ചെറിയാന്‍ ഫിലിപ്പിനെ സ്വതന്ത്രനായി ഇറക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നാണു വിലയിരുത്തല്‍. അതുകൊണ്ടു തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്. രാജ്യസഭാംഗമായ ടി.എന്‍. സീമയെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു പ്രചാരണ രംഗത്തു സജീവമാകാന്‍ സിപിഎമ്മിനു കഴിഞ്ഞു.
പാര്‍ലമെന്‍റ് അംഗങ്ങളുടെ വികസന ഫണ്ട് ഏറ്റവുമധികം ചെലവഴിച്ച എംപിയെന്ന പ്രചാരണത്തോടെയാണു സീമയെ ഇടതുപക്ഷം അവതരിപ്പിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ അധികമുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തന്നെ പ്രധാന ലക്ഷ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമുണ്ടാക്കിയ നേട്ടം മുതലെടുത്തു കേരളത്തില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഒ. രാജഗോപാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2926 വോട്ടുകളുടെ ഭൂരിപക്ഷമാണവിടെ കിട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍റെ ഭൂരിപക്ഷം 16,167 വോട്ടായിരുന്നു.
ഇതിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി. ഇടതുപക്ഷത്തിന്‍റെയും യുഡിഎഫിന്‍റെയും കുത്തക വാര്‍ഡുകള്‍ പലതും അട്ടിമറിച്ചു വിജയം നേടി. പലയിടങ്ങളിലും രണ്ടാം സ്ഥാനത്തുമെത്തി. നിസാര വോട്ടുകള്‍ക്കാണു പലയിടങ്ങളിലും പരാജയപ്പെട്ടത്. 
ഈ പ്രകടനത്തിന്‍റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്. അതുകൊണ്ടു തന്നെ ബിജെപിയുടെ കരുത്തനായ സ്ഥാനാര്‍ഥിയെയാണു രംഗത്തിറക്കിയത്- സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍. ബിജെപിയുടെ അഭിമാന പോരാട്ടമായി ഇതു മാറുന്നുണ്ട്. ആര്‍എസ്എസിന്‍റെ മികച്ച പിന്തുണ കുമ്മനത്തിനുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആര്‍എസ്എസിനു ശക്തമായ വേരോട്ടവുമുണ്ട്. 
വോട്ടുകള്‍ ചോരാതെ മൂവരും നേടിയാല്‍ വിജയം നിര്‍ണയിക്കുക നിസാര വോട്ടുകളാകും. യുഡിഎഫ് മികച്ച ഭരണവും വികസനവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പു വിഷയമാക്കുമ്പോള്‍ അഴിമതിയും ജനവിരുദ്ധ നയങ്ങളുമാണ് ഇടതുപക്ഷത്തിന്‍റെ പ്രചാരണ ആയുധം. എന്‍ഡിഎയാകട്ടെ ഇരു മുന്നണികളുടെയും ഭരണത്തില്‍ വന്ന വീഴ്ചകളും അഴിമതിയും ബംഗാളിലെ പരസ്പര ഐക്യവും പ്രചാരണ ആയുധമാക്കുന്നു. പ്രാദേശിക വിഷയങ്ങളെക്കാള്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്കു പ്രാധാന്യം ലഭിക്കുന്ന മണ്ഡലമാണു വട്ടിയൂര്‍ക്കാവ്. അതുകൊണ്ടു തന്നെ ദേശീയ രാഷ്ട്രീയവും പ്രചാരണ വിഷയമാകും. ഏറ്റവും നന്നായി രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് വോട്ടുകള്‍ കൂടുതല്‍ നേടാന്‍ കഴിയും.
സാധാരണക്കാരായ തൊഴിലാളികളും ഇടത്തക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമ്പന്നരായ ബിസിനസുകാരും എണ്ണത്തില്‍ ഒരു പോലെ വോട്ടര്‍മാരാകുന്ന മണ്ഡലം കൂടിയാണിത്. അതുകൊണ്ടു തന്നെ പ്രവചനം അസാധ്യം. വിജയം ആര്‍ക്കായാലും തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമാകും വട്ടിയൂര്‍ക്കാവിലെ ഫലം. 
തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണക്കനുസരിച്ച് 84170 പുരുഷ വോട്ടര്‍മാരും 91228 സ്ത്രീ വോട്ടര്‍മാരും അടക്കം 1,75,398 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്.