FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
Info

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലെന്ന അനന്തസാധ്യത

Wednesday, Jun 8, 2016,13:13 IST By മെട്രൊവാര്‍ത്ത A A A

ഇന്ന് ധാരാളം ജോബ് പോര്‍ട്ടലുകള്‍ നിലവിലുണ്ട്. രണ്ട് ദശാബ്ദക്കാലം മുമ്പ് 1994 ല്‍ റോബര്‍ മഗോവന്‍ ആണ് ആദ്യമായി ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ എന്ന ആശയത്തിന് തുടക്കമിട്ടത് . നെറ്റ്സ്റ്റാര്‍ട്ട് ഇന്‍ക് എന്ന സൈറ്റിലൂടെയായിരുന്നു ആദ്യമായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. പിന്നീടത് എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. ഇന്ന് സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പമില്ലാതെ മിക്കവരും ഓണ്‍ലൈന്‍ വഴിയാണ് മനുഷ്യവിഭവശേഷി കണ്ടെത്തുന്നത്. ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍ തൊഴില്‍ ദാതാവും തൊഴിലന്വേഷകനും തമ്മിലുള്ള ദൂരം കുറച്ചു. നേരിട്ട് സംവദിക്കുക വഴി ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുവാനും തീരുമാനങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഓരോ കമ്പനിയോ സ്ഥാപനമോ അവര്‍ക്കാവശ്യമായ തൊഴില്‍ വിവരങ്ങള്‍ ഇതുവഴി പ്രസിദ്ധീകരിക്കുന്നു. തസ്തികകളും യോഗ്യതയും പരിചയവും എല്ലാം ഇതുവഴി വ്യക്തമാക്കും. തൊഴിലന്വേഷകര്‍ തങ്ങള്‍ക്ക് യോജിച്ചവ ക്ലിക്ക് ചെയ്ത് അപേക്ഷിച്ചാല്‍ മാത്രം മതി. വിവിധങ്ങളായ സ്ഥാപനങ്ങളുടെ തൊഴില്‍സാധ്യതകള്‍ ജോബ് പോര്‍ട്ടലുകള്‍ വഴി ലഭ്യമാകും. ഓരോ സ്ഥാപനത്തിന്‍റെയും വെബ്സൈറ്റ് തെരയേണ്ട ആവശ്യകതയില്ല. തങ്ങളുടെ യോഗ്യതയും പരിചയവും മറ്റു വിവരങ്ങളും നല്‍കിയാല്‍ അനുയോജ്യമായ ജോലിസാധ്യതകള്‍ ലിസ്റ്റ് ചെയ്യുന്ന സംവിധാനവും ഇവയിലുണ്ട്.
നൗകരി. കോം, ഫ്രീജോബ് അലേർട്ട്.കോം, ജോബ്സ്ട്രീറ്റ്.കോ.ഇൻ, ജോബ്റാപ്പിഡോ.മദസ, ഫ്രീലാൻസർ.കോം, ടൈംസ്ജോബ്. കോം തുടങ്ങിയവ ഇന്ത്യയില്‍ പ്രചാരം നേടിയ ജോബ് പോര്‍ട്ടലുകളാണ്. ഇനി തങ്ങള്‍ക്കാവശ്യമായ ജോലികള്‍ ഇല്ലെങ്കില്‍തന്നെ നമ്മുടെ ബയോഡാറ്റയും വിവരങ്ങളും ശേഖരിച്ചുവയ്ക്കുന്ന സംവിധാനം പോര്‍ട്ടലുകളിലുണ്ട്. ഒഴിവുള്ളമുറയ്ക്ക് നമ്മളെ ഈ സൈറ്റുകള്‍ അലര്‍ട്ട് ചെയ്യും. ഇവയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നാല്‍ മതി.

വെബ്സൈറ്റുകള്‍

ജോബ് പോര്‍ട്ടലുകളില്‍ വൈവിധ്യങ്ങളായ സ്ഥാപനങ്ങളുടെ ജോലിസാധ്യതകള്‍ ലഭ്യമാകുമ്പോള്‍ ചില സ്ഥാപനങ്ങള്‍ തങ്ങളുടെ വേക്കന്‍സികള്‍ തങ്ങളുടെ വെബ്സൈറ്റില്‍ മാത്രം നല്‍കുന്നു. ജോലിസാധ്യതകള്‍ പ്രസിദ്ധീകരിക്കുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്തുള്ള സെലക്ഷന്‍ നടന്നുവരുന്നു. ജോബ്സ് അല്ലെങ്കില്‍ കരിയര്‍/വേക്കന്‍സീസ്/എംപ്ലോയ്മെന്‍റ്/ഓപ്പര്‍ച്യൂണിറ്റീസ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ മിക്ക വെബ്സൈറ്റുകളിലും കാണാം. ഇവയിലാണ് തൊഴില്‍സാധ്യത പ്രസിദ്ധീകരിക്കുക.

ബയോഡാറ്റ തയാറാക്കല്‍

ചില വെബ്സൈറ്റുകളില്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉണ്ടാകും. അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍ മതി. എന്നാല്‍ മറ്റു ചിലവ ബയോഡാറ്റ സ്വീകരിക്കുന്നു. അതിനാല്‍ ബയോഡാറ്റ തയാറാക്കുമ്പോള്‍ നാം അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ കഴിവുകളും പരിചയവും എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുന്ന ബയോഡാറ്റയായിരിക്കണം സമര്‍പ്പിക്കേണ്ടത്.

സ്റ്റാറ്റസും ട്രാക്കിംഗും
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തങ്ങളുടെ ചുമതല തീര്‍ന്നെന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ഇരിക്കരുത്. ഇടയ്ക്കിടയ്ക്ക് പോര്‍ട്ടലില്‍ കയറി അപേക്ഷയുടെ സ്റ്റാറ്റസ് എന്തെന്ന് പരിശോധിക്കണം. മിക്ക പോര്‍ട്ടലുകളിലും ഇതിന് സൗകര്യമുണ്ട്. ചിലപ്പോള്‍ ഇ-മെയില്‍ വഴി അറിയിപ്പുകളുണ്ടാകും. അതും മുടങ്ങാതെ പരിശോധിക്കണം. കുറേകാലമായി വിവരങ്ങളൊന്നുമില്ലെങ്കില്‍ ഇ-മെയില്‍ അയച്ച് റിമൈന്‍ഡര്‍ ചെയ്യണം.

നാഷണല്‍ കരിയര്‍ സര്‍വീസ്

തൊഴില്‍ അന്വേഷകരെയും തൊഴില്‍ദായകരെയും കൂട്ടിയിണക്കുന്നതിനു വേണ്ടി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സേവനമാണു നാഷണല്‍ കരിയര്‍ സര്‍വീസ്. 53 മേഖലകളിലായി മൂവായിരത്തില്‍പ്പരം തൊഴിലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതിനും നാഷണല്‍ കരിയര്‍ സര്‍വീസ് അവസരമൊരുക്കുന്നു.
കൂടാതെ സ്കില്‍ ഡെവലപ്മെന്‍റ് കോഴ്സുകള്‍, അപ്രന്‍റീസ്ഷിപ്, ഇന്‍റേണ്‍ഷിപ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും കരിയര്‍ കൗണ്‍സലിങിനും ഈ പോര്‍ട്ടലിലൂടെ സൗകര്യമുണ്ട്.
രാജ്യത്തെ 978 എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചുകളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള സൈറ്റാണിത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നത്. വിവധ മേഖലകളില്‍ തൊഴില്‍ പരിശീലനം ലഭിച്ച ലക്ഷക്കണക്കിനു യുവാക്കളാണ് എന്‍സിഎസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടോള്‍ ഫ്രീ നമ്പര്‍: 18004251514.വെബ്സൈറ്റ്: http://www.ncs.gov.in