FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Featured

പഠനം എങ്ങനെ..? എന്തിന്….?

Wednesday, Jun 8, 2016,12:34 IST By റീന വര്‍ഗീസ് A A A

ഇവനെയിങ്ങനെ വിട്ടാല്‍ പറ്റില്ല. എന്തെങ്കിലുമൊരു ഡിഗ്രിയെങ്കിലുമില്ലാതെങ്ങനെ… ബാക്കി അപൂര്‍ണമാക്കി പല മാതാപിതാക്കളും ദീര്‍ഘനിശ്വാസമിടുന്നത് പതിവാണിപ്പോള്‍. എന്തെങ്കിലുമൊരു ഡിഗ്രിയുണ്ടായാല്‍ മകന് /മകള്‍ക്ക് എന്തോ ഒരു വലിയ കുറവു മാറിക്കിട്ടിയെന്നാണ് ഭൂരിഭാഗം മാതാപിതാക്കളുടെയും വിശ്വാസവും ആശ്വാസവും. എന്നാലതു മതിയോ? എന്തെങ്കിലുമൊരു ഡിഗ്രിയും കയ്യില്‍ പിടിച്ച് തലങ്ങും വിലങ്ങും ജോലിയില്ലാതലയുന്ന യുവജനങ്ങളെ തട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലത്താണു നാം ജീവിക്കുന്നത് . അപ്പോളെങ്ങനെ എന്തെങ്കിലുമൊരു ഡിഗ്രിയില്‍ പഠനം ഒതുക്കാന്‍ തോന്നും? 
ഒന്നിരുത്തി ചിന്തിക്കേണ്ട കാലമാണിത്. വെറുതെ എന്തെങ്കിലുമൊരു ഡിഗ്രിയല്ല, നിങ്ങളുടെ കഴിവിന്‍റെ ആകാശം എത്രത്തോളമെന്നു മനസിലാക്കി അതിന്‍റെ അങ്ങേയറ്റം വരെ വളര്‍ന്നു വികസിക്കുന്നതിനുള്ള വിദ്യാഭ്യാസമാണ് നിങ്ങള്‍ നേടേണ്ടത്. എന്തെങ്കിലുമൊക്കെ പഠിച്ചാല്‍ എവിടെങ്കിലുമൊക്കെ തട്ടി അതൊക്കെയങ്ങു തകര്‍ന്നു പോകുമെന്നു മറക്കരുത്. ഇഷ്ടവിഷയം തെരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ നേടുന്നത് ആ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ പടിയാണ്. ഇഷ്ടവിഷയമാണ് ഇഷ്ടപ്പെട്ട കരിയറിലേക്കുള്ള വാതായനമെന്നതിനാല്‍ കുട്ടികളെ ഇഷ്ടവിഷയങ്ങളെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കരുത് മാതാപിതാക്കളൊരിക്കലും. കലയും സാഹിത്യവും സ്പോര്‍ട്സുമെല്ലാം ജീവിതവിജയം നേടിത്തരുന്ന മേഖലകള്‍ തന്നെയാണ്. സാങ്കേതിക ജ്ഞാനം മാത്രമാണ് ഒന്നാം സ്ഥാനത്തെന്നു കരുതുകയും വേണ്ട. 
ഈ സാഹചര്യത്തിലാണ് കേരളത്തിലെ പോളിടെക്നിക്കുകളുടെ പ്രസക്തി . നല്ല ജീവനക്കാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പോളിടെക്നിക്കുകളിലെ വിദ്യാഭ്യാസം നല്ല ഭാവിയാണ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്. സമര്‍ഥരായ പല ഐറ്റിഐ ക്കാരും പില്‍ക്കാലത്ത് ഇന്‍ഡസ്ട്രിയലിസ്റ്റുകള്‍ വരെയായ ചരിത്രമുണ്ടീ കേരളത്തിന്. അതുകൊണ്ടു തന്നെ അത്ര പുറകിലാക്കി കാണേണ്ടതില്ല പോളിടെക്നിക്കുകളെ. 
എല്ലാവരും എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരുമായാലെന്തു ചെയ്യും? അതാണിപ്പോള്‍ ഇന്നത്തെ തലമുറ അനുഭവിക്കുന്ന ദുരിതം . നിലവാരമില്ലാത്ത കോളെജുകള്‍ കൂണു പോലെ മുളച്ചു പൊന്തിയതോടെ എന്‍ജീനീയറിങ് ബിരുദധാരികളും തെരുവിലലയുന്നതാണ് നാമിപ്പോള്‍ കാണുന്നത്. ഇവിടെയാണ് തൊഴിലധിഷ്ഠിത കോഴ്സുകളുടെ പ്രാധാന്യം. എല്ലാവരും ക്ലാസിലൊന്നാമന്മാരാകില്ലല്ലോ. എന്നാല്‍ തന്‍റേതായ കഴിവിന്‍റെ ലോകത്ത് ഒന്നാം സ്ഥാനം നേടാന്‍ ഏതൊരു വ്യക്തിക്കുമാകും. അതു മനസിലാക്കി വേണം ഉപരിപഠനം തെരഞ്ഞെടുക്കേണ്ടത്. ഐറ്റിഐ കോഴ്സുകള്‍ പാസാകുന്നവര്‍ക്കു പലര്‍ക്കും നല്ല ശമ്പളത്തോടെയുള്ള ജോലികളാണ് ലഭിക്കുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 
ജീവിതത്തില്‍ ആരെയുമാശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്നതിനുള്ള പ്രാപ്തി ലഭിക്കുന്നതിനുളള പഠനമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യം വയ്ക്കേണ്ടത്. കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് വെറുതെ ഒഴുകേണ്ടവരല്ല നിങ്ങളെന്നര്‍ഥം . വിദ്യയും കഴിവും… അതാവശ്യമുള്ളവര്‍ക്ക് ആവശ്യപ്പെടുമ്പോള്‍ മാത്രമേ നല്‍കാവൂ എന്നാണ് അഭിജ്ഞ മതം . നല്‍കണമെങ്കില്‍ അഭിജ്ഞരില്‍ നിന്ന് ഗുരുപുണ്യം കളയാതെ നിങ്ങളതു നേടിയിരിക്കണം. 
വിദേശ രാജ്യങ്ങളില്‍ ചെറിയ ക്ലാസുകള്‍ മുതല്‍ക്കേ ഇഷ്ടപ്പെട്ട മേഖലയിലേക്കു വിദ്യാര്‍ഥികള്‍ക്കു കടന്നു ചെല്ലാനുള്ള അവസരം നല്‍കിയാണ് വളര്‍ത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിലാകട്ടെ, നമ്മുടെ വിദ്യാര്‍ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസം സമഗ്ര മേഖലയിലുമൂന്നിയുള്ളതാണ്. അതാണേറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസശൈലിയും. പത്താം ക്ലാസിനു ശേഷം മറ്റൊരു തൊഴിലധിഷ്ഠിത മേഖലയിലേക്കു കടക്കുന്ന ഒരു ശരാശരി വിദ്യാര്‍ഥി ഇരുപതു വയസു തികയും മുമ്പു തന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തനാകും. തിരിച്ചറിവാകുന്ന പ്രായമായതിനാല്‍ വീണ്ടും പഠനം തുടരണമെന്നാശിച്ചാല്‍ അതും സാധ്യമാകും. എന്നാല്‍ പക്വതയോടെ ആ തീരുമാനത്തിലെത്താന്‍ വിദ്യാര്‍ഥികളെ പാകപ്പെടുത്തേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. 
ഇന്നു മാതാപിതാക്കളുടെ പേരും പ്രശസ്തിയും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് പല കുട്ടികളും തങ്ങള്‍ക്കിഷ്ടമല്ലാത്തതു പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അത് ചിലപ്പോഴൊക്കെ കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലേക്കും പിന്നാലെ ആത്മഹത്യയിലേക്കും നയിക്കുന്നതും നാം കാണുന്നതാണ്. എന്നാല്‍ അവരെ അവര്‍ക്കിഷ്ടമുള്ള മേഖലയിലേക്കു തിരിച്ചു വിട്ടാല്‍ അവര്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്തത്ര ഉയരങ്ങളിലെത്തപ്പെട്ടേക്കാം. അതിനൊരവസരമാണ് അവര്‍ക്കു നല്‍കേണ്ടത്. കൈത്തൊഴിലില്‍ മിടുക്കരായ കുട്ടികള്‍ ചെറുപ്പം മുതല്‍ക്കേ അത്തരം പ്രവര്‍ത്തികളില്‍ വ്യാപൃതരായിരിക്കും. കുഞ്ഞു പ്രായത്തിലേ കുട്ടികളെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ അതു മനസിലാകും . ചിത്രരചന/ശില്‍പകല പോലുള്ള മേഖലകളിലാണു താല്‍പര്യമെങ്കിലും നാലു വയസിനുള്ളില്‍ തന്നെ കുട്ടികളതു പ്രകടിപ്പിക്കും. 
കുട്ടികളെന്തു ചെയ്യുന്നു എന്നു നിരീക്ഷിച്ചു മനസിലാക്കി അവരെ മോള്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കളുടെ ആദ്യധര്‍മം. കുട്ടികളെ വഴക്കു പറയുകയോ അവരെ നിരുത്സാഹിപ്പിക്കുകയോ ചെയ്യരുത്. മറിച്ച് അവരുടെ വഴിത്താരകളിലെ തടസങ്ങള്‍ മാറ്റിക്കൊടുക്കുകയേ ആകാവൂ. അപ്പോള്‍ മാത്രമേ അവരുടെ വളര്‍ച്ച ശരിയായ ദിശയിലാകൂ. 
ഈ സാഹചര്യത്തിലാണ് നൈപുണ്യ പരിശീലനത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള തൊഴില്‍ മന്ത്രിയുടെ തീരുമാനം ശ്രദ്ധേയമാകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ തൊഴില്‍ മേഖലയെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത് നല്ല തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണല്ലോ. വിവിധ ഏജന്‍സികളും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും നടത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിലൂടെ മികച്ച തൊഴില്‍ മേഖലയെ തന്നെ സൃഷ്ടിക്കാന്‍ നമുക്കാകും .