FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

ചുമര്‍ച്ചിത്രകലയ്ക്ക് നല്ല കാലം

Wednesday, Jun 29, 2016,5:41 IST By മെട്രൊവാര്‍ത്ത A A A


പരമ്പരാഗത ചിത്രകലാ രീതികളെ അടുത്തറിയുന്നതിനുള്ള സാഹചര്യമുണ്ടായതു കൊണ്ടായിരിക്കാം ചുമര്‍ ചിത്രകലയിലേക്ക് ഇപ്പോള്‍ ധാരാളം പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നു പറയുന്നു ചിത്രകാരിയായ ആശ രാമചന്ദ്രന്‍. ചുമരുകളില്‍ മാത്രമല്ല ക്യാന്‍വാസിലും സാരിയടക്കമുള്ള വസ്ത്രങ്ങളിലുമെല്ലാം ചുമര്‍ചിത്രങ്ങള്‍ ഇടം പിടിക്കുന്നുണ്ട്. ചുമര്‍ചിത്രകലയുടെ വളര്‍ച്ചക്ക് കലാകാരന്മാരുടെ പ്രാതിനിധ്യം കൂടുന്നത് സഹായകരമാണെന്നും പറയുന്നു ആശ.
മറ്റു ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ചുമര്‍ചിത്രകലാ രീതി. സമയദൈര്‍ഘ്യവും ഉപയോഗിക്കുന്ന നിറക്കൂട്ടുകളുമെല്ലാം അതിനു കാരണമായിത്തീരുന്നുണ്ട്. എങ്കിലും ചുമര്‍ചിത്രരചനയെ മികച്ച രീതിയില്‍ തന്നെയാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പുതുമ തേടിപ്പോകുന്നതിന്‍റെ ഭാഗമായായിരിക്കാം വസ്ത്രങ്ങളിലും അത്തരം ചിത്രങ്ങള്‍ ഇടം പിടിക്കാന്‍ തുടങ്ങിയത്. മ്യൂറല്‍ ചിത്രങ്ങളുള്ള സാരികള്‍ക്കും ഷര്‍ട്ടുകള്‍ക്കുമെല്ലാം ധാരാളം ആരാധകരാണ്. എന്നാല്‍ ക്ഷേത്രത്തിന്‍റെയോ വീടുകളുടെയോ ചുമരുകളില്‍ രചിക്കുന്ന എല്ലാ ചിത്രങ്ങളും വസ്ത്രങ്ങളില്‍ രചിക്കാറില്ലെന്നു മാത്രമെന്ന് ആശ. ചുമര്‍ചിത്രകലക്ക് ഇനിയും മുന്നേറാനാകുമെന്നു തന്നെയാണ് വിശ്വാസം. പുതിയ കുട്ടികള്‍ക്ക് ചുമര്‍ചിത്രരചനയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിനായി ധാരാളം ചിത്രകലാ സ്ഥാപനങ്ങളുമുണ്ട്. 
മ്യൂറല്‍, രവിവര്‍മ പെയ്ന്‍റിങ്, പീക്കോക്ക് ഡിസൈന്‍, ക്യാന്‍വാസ് പെയിന്‍റിങ് തുടങ്ങിയ മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശിയായ ആശ രാമചന്ദ്രന്‍. ഗുരുവായൂരില്‍ ആശാസ് ആര്‍ട് ഗ്യാലറി എന്ന പേരില്‍ മ്യൂറല്‍ പെയ്ന്‍റിങ്ങുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. സാരികളിലും ചുരിദാറുകളിലും പുരുഷന്മാരുടെ വസ്ത്രങ്ങളിലുമൊക്കെ മ്യൂറല്‍ പെയ്ന്‍റ് ചെയ്തു വിപണിയിലെത്തിക്കുന്നു. നേരിട്ടുള്ള വില്‍പ്പനയ്ക്ക് പുറമേ ഓണ്‍ലൈനായും ആശയുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ വാങ്ങാം. ഇതിനായി ആശാസ് ദി മ്യൂറല്‍ പീപ്പിള്‍ എന്ന പേരിലൊരു ഓണ്‍ലൈന്‍ പേജുമുണ്ട്.