FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

  നൃത്തത്തില്‍ പുതിയ പരീക്ഷണങ്ങളുടെ കാലം

Thursday, Jun 30, 2016,5:45 IST By മെട്രൊവാര്‍ത്ത A A A

നൃത്തത്തില്‍ പുതിയ ശൈലികള്‍ പരീക്ഷിക്കുന്ന കാലഘട്ടമാണിത്, പക്ഷേ അത്തരം പുത്തന്‍ ശൈലികളൊന്നും ശാസ്ത്രീയ നൃത്തത്തിന്‍റെ തനിമ നഷ്ടപ്പെടുത്തുന്നില്ല എന്ന കാര്യത്തില്‍ സംശയമില്ലെന്നു പറയുന്നു നര്‍ത്തകിയും അധ്യാപികയുമായ അമീന ഷാനവാസ്.
വസ്ത്രത്തിന്‍റെ നിറത്തിലോ ആഭരണങ്ങളുടെ ആകൃതിയിലോ ചമയത്തിലോ വരുത്തുന്ന മാറ്റങ്ങള്‍ ഒരിക്കലും നൃത്തത്തെ ബാധിക്കില്ല. പക്ഷേ നൃത്തത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍ പോലും പഠിക്കാതെ പത്തു മിനിറ്റ് സമയത്തേക്കുള്ള മത്സര ഇനമായി മാത്രം നൃത്തം പഠിക്കുന്നതിനെ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമീന. കലോത്സവങ്ങളില്‍ മികച്ച സ്കോര്‍ സ്വന്തമാക്കുന്നവര്‍ക്കു പോലും അടിസ്ഥാന അടവുകള്‍ അറിയില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. അത്തരം പഠനം ഒരിക്കലും നൃത്തത്തിനോ നര്‍ത്തകര്‍ക്കോ ഗുണകരവുമായിരിക്കില്ല. അതു മാത്രമല്ല സ്കൂള്‍-കോളെജ് പഠനം പൂര്‍ത്തിയാകുന്നതോടെ നൃത്തത്തിനും പൂര്‍ണവിരാമമിടുന്നവരുടെ എണ്ണം കൂടി വരുകയുമാണ്. അതേസമയം മുതിര്‍ന്നതിനു ശേഷം നൃത്തം പഠിക്കാനെത്തുന്നവര്‍ വര്‍ധിക്കുന്നുമുണ്ട്. നൃത്ത പഠനം അപൂര്‍ണമായി അവസാനിപ്പിച്ചവര്‍ വീണ്ടും നൃത്തത്തിലേക്ക് തിരിച്ചു വരുന്നുവെന്നുള്ളതാണ് മറ്റൊരു കാര്യം.
മികച്ച പരിശീലനമാണ് നൃത്തത്തിന് ഏറ്റവും ആവശ്യം. പലപ്പോഴും നമ്മുടെ നര്‍ത്തകര്‍ക്ക് ഇല്ലാതായി പോകുന്നതും അതു തന്നെയെന്ന് അമീന. എങ്കിലും നര്‍ത്തകര്‍ക്കിപ്പോള്‍ മികച്ച അവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്. നര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡാന്‍സ് ഫെസ്റ്റുകള്‍ ഇപ്പോള്‍ പലയിടങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ളത് ആശ്വാസകരമാണ്. നൃത്തം ഗൗരവത്തില്‍ എടുക്കുന്നവര്‍ക്ക് വേദികള്‍ ലഭിക്കുന്നുണ്ട് എന്നു തന്നെയാണ് തന്‍റെ വിശ്വാസമെന്നും അമീന. എം.ഐ. ഷാനവാസ് എംപിയുടെ മകളും എറണാകുളം മുന്‍ കലക്റ്റര്‍ മുഹമ്മദ് ഹനീഷിന്‍റെ ഭാര്യയുമാണ്. ഭരതനാട്യത്തില്‍ ഡിപ്ലോമയും എംഎയും സ്വന്തമാക്കിയ അമീന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ശിഷ്യയാണ്. എറണാകുളം ധരണി നൃത്തവിദ്യാലയത്തില്‍ നൃത്ത പരിശീലനം തുടരുന്നുമുണ്ട്.