FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

നാടന്‍ പാട്ടിന്‍റെ സമുജ്വലമായ കാലഘട്ടം

Friday, Jul 1, 2016,6:56 IST By മെട്രൊവാര്‍ത്ത A A A

മലയാളത്തിന്‍റെ തനിമ ചോരാത്ത നാടന്‍ പാട്ടുകളെക്കുറിച്ച് പറയുമ്പോള്‍ പ്രദീപ് പയ്യന്നൂര്‍ എന്ന ഗായകനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല…കാല്‍ നൂറ്റാണ്ടോളമായി നാടന്‍പാട്ടിന്‍റെ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം… കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ തനത് നാടന്‍പാട്ട് ശാഖയെ പരിപോഷിപ്പിക്കുന്ന ഒരുപാട് സംരംഭങ്ങള്‍ മലയാളത്തില്‍ പിറന്നുവെന്നു പറയുന്നു അദ്ദേഹം. നാടന്‍പാട്ടിന്‍റെ സമുജ്വലമായ നാളുകളെന്നു തന്നെ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാം. ഓരോ കുഞ്ഞു ഗ്രാമങ്ങളിലും നാടന്‍പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന ചെറുതോ വലുതോ ആയ സംഘങ്ങള്‍ സജീവമായി രംഗത്തുണ്ടെന്നതു തന്നെയാണ് അതിന്‍റെ ഉദാഹരണമെന്നും പ്രദീപ് പറയുന്നു.
വായ്മൊഴിയായി പകര്‍ന്നു കിട്ടിയവയാണ് നമ്മുടെ നാടന്‍ പാട്ടുകള്‍. പല തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ ഗാനങ്ങള്‍ ഇപ്പോഴും സജീവമാണ്. അവയ്ക്കൊപ്പം തന്നെ സജീവമാണ് എഴുത്തു പാട്ടുകളും. നാടന്‍പാട്ടുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പോലും നമ്മുടെ കാര്‍ഷിക പാരമ്പര്യത്തെയും സംസ്കാരത്തെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ് എഴുത്തുപാട്ടുകളും രചിക്കപ്പെട്ടിട്ടുള്ളത്. നാടന്‍പാട്ടുകളുടെ ലോകത്ത് വലിയൊരു തരംഗമുണ്ടാക്കിയ വ്യക്തിയാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ നാടന്‍പാട്ടിന്‍റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അതു പോലെ കാവാലം നാരായണപ്പണിക്കരുടെ മണ്ണിന്‍റെ താളം നിറഞ്ഞു നില്‍ക്കുന്ന പാട്ടുകളും നാടന്‍പാട്ടുകളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പ്രദീപ്. കലോത്സവങ്ങളില്‍ മത്സര ഇനമാക്കിയതിനു ശേഷം നാടന്‍പാട്ട് പഠിക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി. അതു പോലെ പ്രാധാന്യത്തോടെ പറയേണ്ടവരാണ് പ്രവാസി മലയാളികള്‍ക്കിടയിലുള്ള ആസ്വാദകരും ഗായകരും. 
ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളില്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചിട്ടുള്ള കലാകാരന്മാര്‍ നമുക്കുണ്ടെന്നു പറയുന്നു അദ്ദേഹം. ആധുനിക സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്ന പ്രമുഖ ബാന്‍ഡുകള്‍ക്കിടയില്‍ പോലും തനതു സംഗീതവാദ്യങ്ങളുമായെത്തുന്ന നാടന്‍പാട്ടുകള്‍ ശ്രദ്ധേയമാകാറുണ്ടെന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ പ്രദീപ് ഫോക്ക്ലോര്‍ അക്കാഡമി മുന്‍സെക്രട്ടറിയാണ്.