FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Special Voice

മലയാളിയുടേത് കപട ധാര്‍മികത

Saturday, Jul 2, 2016,5:14 IST By മെട്രൊവാര്‍ത്ത A A A


മലയാളിയുടെ ജീവിതസാഹചര്യങ്ങള്‍ ചെലവു ചെയ്യല്‍ സംസ്കാരത്തിലേക്ക് വളര്‍ന്നിരിക്കുന്നുവെന്നും, കപടമായ ധാര്‍മികതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും പറയുന്നു മനഃശാസ്ത്രജ്ഞനായ ഡോ. സി.ജെ. ജോണ്‍. സാക്ഷരതയില്‍ മലയാളി ഏറെ ദൂരം മുന്നോട്ടുപോയിട്ടുണ്ടെങ്കിലും സാംസ്കാരിക വളര്‍ച്ച വലിയൊരു ചോദ്യചിഹ്നമാണ്. ലൈംഗിക കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കിടയിലെ അക്രമവാസനയും വര്‍ധിക്കുന്നത് ആശങ്കയോടെ കാണ്ടേണ്ടതാണ്. നമുക്ക് സൈബര്‍ സാക്ഷരത വളരെ കൂടുതലാണ്. അതുതന്നെയാണ് സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതും. ലൈംഗിക അജ്ഞതയാണ് അതിനൊരു പ്രധാനകാരണം. ആരോഗ്യകരമായ ലൈംഗിക സങ്കല്‍പ്പങ്ങളില്ലാത്തവരാണ് മലയാളികള്‍. ലൈംഗികമായ താത്പര്യങ്ങള്‍ ആരോടും തുറന്നുപറയാതെ കപട ധാര്‍മികത ഭാവിച്ചിരിക്കാനാണ് നമുക്കെപ്പോഴും താത്പര്യം. വൈരുദ്ധ്യാത്മകമായ ലൈംഗിക മോഹങ്ങള്‍ സൂക്ഷിക്കുന്ന സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകും. അതുപോലെ കാണുന്നതെന്തും പ്രായോഗികമാക്കാനുള്ള ത്വരയും അപകടകരമാണെന്നും ജോണ്‍ പറയുന്നു. 
വരവില്‍ കവിഞ്ഞു ചെലവ് ചെയ്യുന്ന ഉപഭോക്തൃ സംസ്കാരമാണ് നമ്മുടേത്. സമൂഹത്തില്‍ നിലയും വിലയും നേടിത്തരാന്‍ പണത്തിനു കഴിയുമെന്ന പൊതുബോധം നമുക്കുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും തട്ടിപ്പുകളുമൊക്കെ വര്‍ധിക്കുന്നത് പണത്തിലൂന്നിയാണ്. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം മാതാപിതാക്കളാണ്. കുട്ടികളെ ബുദ്ധിമാന്മാരാക്കാന്‍ പ്രാപ്തരാക്കുന്ന മാതാപിതാക്കള്‍ അവര്‍ക്ക് ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നില്ലെന്നു തന്നെ പറയാം. ഭൗതികമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോഴും അവരുടെ ആത്മാംശത്തില്‍ ഒരു കുറ്റവാളി ഉറങ്ങിക്കിടക്കുന്നു. സ്ത്രീകളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാന്‍ പഠിപ്പിക്കുകയെന്നത് ഇന്നത്തെ സാഹചര്യങ്ങളില്‍ അത്യന്താപേക്ഷിതമാണ്. സമപ്രായക്കാരുടെ പ്രേരണയും മുതിര്‍ന്നവരെ മാതൃകകളാക്കുന്നതുമൊക്കെ കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികമോ സാമൂഹികമോ ആയ ഘടകങ്ങളാണ് കുട്ടികുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന വാദം പൂര്‍ണമായും ശരിയല്ല. ഇന്ന് അത്തരത്തിലൊരു വേര്‍തിരിവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല അക്രമവാസന. സമ്പന്ന കുടുംബങ്ങളില്‍ നിന്നും മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നവരുണ്ട്. അത് സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും മാതാപിതാക്കള്‍ പകര്‍ന്നു നല്‍കേണ്ടതാണ് അതെന്നും ഡോ. ജോണ്‍ പറയുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റാണ് സി.ജെ. ജോണ്‍. ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി കേരള ഘടകത്തിന്‍റെ മുന്‍ അധ്യക്ഷന്‍ കൂടിയാണ്.