FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Crime

കൊല്ലത്ത് വയോധിക മാനഭംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോർട്ട്

Wednesday, Sep 21, 2016,11:19 IST By മെട്രൊവാര്‍ത്ത A A A

കൊല്ലം: കൊല്ലത്ത് തൊണ്ണൂറുകാരിയായ വയോധികയെ അജ്ഞാതൻ പീഡിപ്പിച്ചെന്ന വാർത്തകളിൽ അവ്യക്തത. വയോധിക മാനഭംഗത്തിന് ഇരയായിട്ടില്ലെന്ന പരിശോധനയിൽ വ്യക്തമായി. ശാരീരിക ആക്രമണം നടത്തിയതിന് ഇവരുടെ അയൽക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. ‌ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീ‍യാണ് പീഡനത്തിനിരയായതെന്ന് രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ മാനഭംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായി. കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചതെന്നാണ് ഇവർ മൊഴി നൽകിയിരുന്നത്. എന്നാൽ തന്നെ മാനഭംഗപ്പെ‌ടുത്തിയെന്ന് വയോധികയുടെ മൊഴിയിൽ പറഞ്ഞിട്ടില്ല.

വീടിന്‍റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അജ്ഞാതൻ അകത്ത് കടന്ന് ഉപദ്രവിച്ചത്. സംഭവം ബന്ധുക്കളെ അറിയിച്ചപ്പോൾ രഹസ്യമാക്കി വയ്ക്കുകയാണുണ്ടായത്. ഇവർക്ക് ചികിത്സ നൽകാനും തയാറായില്ല. അഞ്ച്  ദിവസം മുമ്പാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.

ഭർത്താവ് മരിച്ചതിനു ശേഷം ഇരുപത് വർഷമായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധിക. ഇവർക്ക് മക്കളില്ല. ഇവർ ഒറ്റയ്ക്ക് താമസിക്കുന്നത് അറിയാവുന്ന ആളാണ് പീഡനം നടത്തിയതെന്നാണ് സൂചന. വയോധികയും അറസ്റ്റിലായ ആളും തമ്മിൽ വസ്തു തർക്കം നില നിൽക്കുന്നതായാണ് വിവരം. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്തംഗം പ്രാർഥിക്കാനാണ് ഇവരോട് പറഞ്ഞത്. സംഭവം പുറത്തു വന്നതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്.