FLASH NEWS
Breaking News
കുറ്റസമ്മതമല്ല; രാഷ്ട്രീയധാർമ്മികതയുടടെ പേരിൽ രാജി വയ്ക്കുന്നു എ കെ ശശീന്ദ്രൻ
kerala

മാനസികപീഡനം: അധ്യാപികയുടെ പരാതിയിൽ സ്കൂൾ മാനെജ്മെന്‍റിനെതിരേ കേസ്

Thursday, Sep 22, 2016,18:20 IST By മെട്രൊവാര്‍ത്ത A A A

മാള: അധ്യാപികയെ സ്കൂൾ അധികൃതർ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മാള അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിന്‍റെ അക്കാദമിക് ഡയറക്‌റ്റർക്കെതിരേ പൊലീസ് കേസെടുത്തു. ഇവിടെ അധ്യാപികയായിരുന്ന ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയുടെ പരാതിയിലാണ് അക്കാദമിക് ഡയറക്‌റ്റർ സോജൻ കെ. വർഗീസിനെതിരേ മാള പൊലീസ് കേസെടുത്തത്. ഡയറക്‌റ്ററുടെ പ്രൈവറ്റ് സെക്രട്ടറി ടിനിക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസ് സെപ്റ്റംബർ 23ന് ചാലക്കുടി കോടതി പരിഗണിക്കും.
2008 നവംബർ അവസാനം മുതൽ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന പരാതിക്കാരി ഉപരിപഠനത്തിനായി (എംടെക്കിനു പഠിക്കാൻ) 2015 നവംബറിൽ രണ്ടു വർഷത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ അവധി അനുവദിച്ചില്ല. ഇതോടെ രാജിക്കത്ത് നൽകുകയും അർഹമായ ആനുകൂല്യങ്ങൾ നൽകാൻ പ്രിൻസിപ്പലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനു പിന്നാലെ, സ്കൂൾ അക്കാദമിക് ഡയറക്‌റ്ററായിരുന്ന സോജൻ കെ. വർഗീസ് പഴ്സണലായി കാണാൻ ആവശ്യപ്പെട്ടതായി 2015 നവംബർ 13ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ടിനി അധ്യാപികയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ കാണാൻ ചെന്നപ്പോൾ സോജൻ കെ. വർഗീസ് മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. എന്തിനാണു കാണാൻ പറഞ്ഞതെന്ന് അന്വേഷിച്ചപ്പോൾ, നമുക്കൊന്നു പഴ്സണലായി കാണണമെന്നായിരുന്നത്രെ മറുപടി.
മുറിയിൽ മറ്റാരും ഇല്ലല്ലോയെന്നും പഴ്സണലായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാമല്ലോയെന്നും അധ്യാപിക മറുപടി നൽകിയപ്പോൾ, പറയാൻ മാത്രമല്ല ഉള്ളതെന്നു പറഞ്ഞ സോജൻ കെ. വർഗീസ് വൈകിട്ട് നമുക്കൊന്നു കറങ്ങി വരാമെന്നും അധ്യാപികയോടു പറഞ്ഞത്രെ.
പറയുന്നത് അനുസരിച്ച് കൂടെ ചെന്നില്ലെങ്കിൽ തരാനുള്ള ശമ്പളവും ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും നൽകില്ലെന്നു സോജൻ കെ. വർഗീസ് ഭീഷണിപ്പെടുത്തിയെന്നു പരാതിയിലുണ്ട്. വിരമിക്കാനായി നവംബർ 30ന് സ്കൂളിലെത്തിയപ്പോൾ അതുവരെ അധ്യാപിക വഹിച്ചിരുന്ന ചുമതലകളും കൈവശമുള്ള രേഖകളും ഏറ്റെടുക്കാൻ അധികൃതർ തയാറായില്ല. നവംബറിലെ ശമ്പളവും ഗ്രാറ്റുവിറ്റിയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും അടക്കം ഉപേക്ഷിച്ചാൽ മാത്രമേ ഇവ ഏറ്റെടുത്ത് റിലീവ് ചെയ്യാനാവൂ എന്ന് പ്രിൻസിപ്പൽ പറഞ്ഞു.
സ്കൂളിൽ നിന്നു സ്വഭാവദൂഷ്യത്തിനു പുറത്താക്കിയ ജീവനക്കാരൻ തിരിച്ചേൽപ്പിക്കാത്ത സ്റ്റോക്ക് രജിസ്റ്റർ പുതുതായി തയാറാക്കി കൊടുക്കാനും ഇയാൾ തിരിച്ചേൽപ്പിക്കാത്ത രേഖകളുടെയും ഇയാളുടെ കാലത്ത് സ്കൂളിൽ നിന്നു കാണാതായ കംപ്യൂട്ടറുകളുടെയും മറ്റും ഉത്തരവാദിത്വം ഏറ്റെടുക്കാനും കിട്ടാനുള്ള ശമ്പളവും ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ഉപേക്ഷിച്ച്, അവ കൈപ്പറ്റിയതായി എഴുതിക്കൊടുക്കാനും ആവശ്യപ്പെട്ടതായി അധ്യാപിക പറയുന്നു.
ഭീഷണിയെയും മാനസികപീഡനത്തെയും തുടർന്ന് അധ്യാപിക സ്കൂളിൽ ബോധരഹിതയായി വീണു. സ്കൂളിലെ നഴ്സ് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കണമെന്ന് പ്രിൻസിപ്പലിനെ അറിയിക്കുകയും ചെയ്തു.. ഇതിനു ശേഷം പരാതിക്കാരിയുടെ കൈയിലുണ്ടായിരുന്ന രേഖകളും താക്കോലുകളും മറ്റും പ്രിൻസിപ്പൽ സ്വീകരിക്കുകയും പരാതിക്കാരിയെ കൊണ്ടു ചില കടലാസുകളിൽ ഒപ്പിടുവിക്കുകയും ചെയ്തു. തുടർന്ന് മാളയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രി വിട്ട അധ്യാപിക അന്നു തന്നെ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും രണ്ടര മാസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്തില്ല. ഇതോടെ സിഐ, എസ്പി, ആഭ്യന്തര മന്ത്രി തുടങ്ങിയവർക്കു പരാതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്.