FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

ദസ്റയിലും ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് മോദി

Tuesday, Oct 11, 2016,21:03 IST By മെട്രൊവാര്‍ത്ത A A A

ലക്നൗ: ദസ്റ പ്രസംഗത്തിലും ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്‍റെ പേരെടുത്ത് പറയാതെയാണ് മോദി വിമർശനം ഉന്നയിച്ചത്. ഭീകരർക്ക് അഭയം നൽകുന്നവർക്ക് ഒരു കാലത്തും മാപ്പ് നൽകരുതെന്ന് മോദി പറഞ്ഞു. യുദ്ധത്തിനു പകരം സമാധാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. ഭീകരവാദം മാനവികതയ്ക്ക് എതിരാണെന്നും മോദി ആവർത്തിച്ചു. പാക്കിസ്ഥാനുള്ള മുന്നറിയിപ്പായിരുന്നു മോദിയുടെ വാക്കുകൾ.

ലക്നൗവിൽ ദസ്റ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പാക്കിസ്ഥാനിൽ നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് മോദി ഒരൊറ്റ വാക്കും പറഞ്ഞില്ല. മിന്നലാക്രമണത്തിനു ശേഷം മോദി പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു ഇത്. തീവ്രവാദം മാനവികതയ്ക്ക് എതിരാണ്. രാമൻ മാനവികതയുടെ പ്രതീകമാണ്. അദ്ദേഹം മാനവിക മൂല്യങ്ങളെയും മാനവിക ആശയങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്-മോദി പറഞ്ഞു.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തെ തുടച്ചു നീക്കാതെ മാനവികതയെ സംരക്ഷിക്കാനാകില്ലെന്നും മോദി. സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് തീവ്രവാദമെന്നും മോദി വ്യക്തമാക്കി. തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തീവ്രവാദത്തെ കൂടാതെ വിഭാഗീയത, ജാതി സമ്പ്രദായം, സ്വജനപക്ഷപാതം എന്നിവയെ കുറിച്ചും മോദി സംസാരിച്ചു. അതേസമയം ഉത്തർപ്രദേശിലെ മോദിയുടെ ദസ്റ ആഘോഷങ്ങൾ രാഷ്ട്രീയ നീക്കമാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.