FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Cinema

അപ്രതീക്ഷിത ക്ലൈമാക്സുമായി ഒരു പെർഫക്ട് ക്രൈം ത്രില്ലർ

Monday, Dec 5, 2016,17:57 IST By റ്റിറ്റോ ജോർജ് A A A

മലയാളസിനിമയ്ക്ക്  പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്രയാണ് ഒരേ മുഖം എന്ന ത്രില്ലർ പ്രേക്ഷകന് സമ്മാനിക്കുന്നത്. അരവിന്ദ് മേനോൻ എന്ന വ്യവസായിയുടെ കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രേക്ഷകനുമായി പങ്ക് വയ്ക്കുന്നത്. രണ്ട് വ്യത്യസ്ഥമായ രീതിയിലുള്ള അന്വേഷണം . ഇവർക്ക് ലഭിക്കുന്ന വ്യത്യസ്ഥമായ മുഖങ്ങൾ.

രണ്ട് കാലങ്ങളിലൂടെ കഥ പറയുന്ന ചിത്രം തൃശൂർ സെന്‍റ്തോമസ് കോളേജിലേക്ക് പറിച്ച് നടുന്നതോടെയാണ് 1980 കളിലെ കാമ്പസ് ജീവിതം പ്രേക്ഷകന്‍റെ മുന്നിലേക്കെത്തുന്നത്. ഇടവേള വരെ കോളേജ് ജീവിതത്തിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. ഈ സമയം കുറച്ച് കൂടി പക്വമായി ചെയ്തിരുന്നുവെങ്കിലും സിനിമയ്ക്ക് ഇതിലും മികച്ച റിസൽട്ട് ഉണ്ടാക്കാൻ കഴിയുമായിരുന്നു.

സഖറിയാ പോത്തനെന്ന പരുക്കനും തെമ്മാടിയുമായ ധ്യാനിന്‍റെ കഥാപാത്രം. ഇയാളുടെ ചുറ്റുപാടുകൾ തുടങ്ങിയവയിലേക്ക് കഥയെത്തുന്നതോടെ കൃത്യമായ വഴികളിലുടെയാണ് സംവിധായകൻ സഞ്ചരിക്കുന്നത്. തൃശൂർ സെന്‍റ് തോമസ് കോളേജിലെ അറിയപ്പെടുന്ന തെമ്മാടിയാണ്  സഖറിയപോത്തൻ. ഇയാളും സുഹൃത്തുക്കളും അവിടെ കീരീടമില്ലാത്ത രാജാക്കന്മാരാണ്. അജു വർഗീസിന്‍റെ ദാസും, അരവിന്ദനും, ദേവനും പ്രകാശനും അടങ്ങുന്ന സുഹൃദ്സംഘത്തിന്‍റെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ആദ്യപകുതിയൽ

രണ്ടാം പകുതി മുതലുള്ള കഥാവതരണത്തിന്‍റെ ചടുലതയും മേയ്ക്കിംഗും കൂടുതൽ എടുത്ത് പറയേണ്ടതാണ്. ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് . അതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്.

കാമ്പസ് ജീവിതത്തിലെ സ്വഭാവസവിശേഷതകളുള്ള  ആ കഥാപാത്രങ്ങളുടെ അതേ ഛായയിൽ പുതിയ കാലത്തിലും  പുതിയ കഥാപാത്രങ്ങൾ എന്നതും എടുത്ത് പറയേണ്ടതാണ്. മലയാള സിനിമഅധികം പരീക്ഷിച്ച് വിജയം നേടാത്ത ഈ പാറ്റേൺ ഉപയോഗിക്കുന്നതിൽ സംവിധായകൻ വിജയിച്ചുവെന്ന് എടുത്ത് പറയേണ്ടതാണ്.  അജു വർഗ്ഗീസ് പുതിയ കാലത്തിൽ മണിയം പിള്ളരാജുവായി മാറുന്നത് പോലെ ദേവനും ര്ഞ്ജി പണിക്കരും .ദീപക്കും,അർജുനും, ചെമ്പൻ വിനോദും  എല്ലാം  തകർത്തുവെന്ന് പറയാതെ വയ്യ. ഗസ്റ്റ് റോളിലെത്തുന്ന സ്നേഹയുടെയും അഭിരാമിയുടെയും പ്രകടനവും മികവുറ്റതാണ്.

കാമ്പസ് കാലഘട്ടത്തിലെ പ്രണയത്തിൽ പ്രയാഗയുടെ സൗന്ദര്യം എടുത്ത് പറയേണ്ടതാണ്. പുഞ്ചിരി നോട്ടം ഇതെല്ലാം പ്രേക്ഷകന്‍റെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്നു. വർഷങ്ങളായി അഭിനയിക്കുന്ന ഒരു നടിയുടെ പക്വതയും പാകതയും രണ്ട് ചിത്രത്തിലൂടെ തന്നെ പ്രയാഗ നേടിയിരിക്കുന്നു.

എല്ലാറ്റിനും മേലെ സംവിധായകന്‍ സജിത് ജഗ്‌നന്ദന്‍റെ കയ്യടക്കവും ചങ്കൂറ്റവുമാണ് എടുത്ത് പറയേണ്ടത്. സിനിമ അവസാനിക്കുമ്പോഴും സഖറിയാ പോത്തൻ തീർത്ത അമ്പരപ്പ്   മനസിനെ പിടിച്ചുലയ്ക്കും . തിയേറ്ററിൽ നിന്ന്  ഇറങ്ങി പോരാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് അംഗീകരിക്കാതെ വയ്യ. വ്യത്യസ്ഥമായ പരീക്ഷണങ്ങളെ അംഗീകരിക്കുന്നവർക്ക് ഈ സിനിമ  മികച്ച അനുഭവമാകും.