FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
India

പഞ്ചാബ് പിടിക്കാൻ കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും

Tuesday, Jan 10, 2017,18:53 IST By Anjaly A A A

ന്യൂഡൽഹി: അടുത്തു വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ആം ആദ്മി പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ തന്നെ പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിർത്തി വിജയം നേടാനാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യമെന്നാണ് സൂചന.

പഞ്ചാബിലെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ ആം ആദ്മി പാർട്ടിയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബിജെപിയിൽ നിന്നും രാജിവെച്ചെത്തിയ നവജോദ് സിങ് സിദ്ധു പഞ്ചാബിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നായിരുന്നു ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതൃത്വം സിദ്ധുവിനെ തള്ളിയതോടെ മറ്റാരായിരിക്കും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യം ഉത്തരമില്ലാതെ നിൽക്കുകയായിരുന്നു. എന്നാലിപ്പോൾ കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന് വ്യക്തമായ സൂചന നൽകുകയാണ് ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദി.

കെജ്‌രിവാൾ മുഖ്യമന്ത്രിയാകും എന്ന് കരുതി എഎപിക്ക് വോട്ട് ചെയ്യണമെന്നാണ് സിസോദിയ പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹിയിൽ നിന്നും തന്‍റെ തട്ടകം കെജ്‌രിവാൾ പഞ്ചാബിലേക്ക് മാറ്റുന്നെന്ന വാർത്തകളും കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന സൂചനകൾക്ക് ശക്തി പകരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പഞ്ചാബിൽ നാല് സീറ്റുകൾ നേടിയിരുന്നു. ഇവിടെ അകാലിദളിനും, കോൺഗ്രസിനും ആം ആദ്മി പാർട്ടി വെല്ലുവിളി ഉയർത്തും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.