FLASH NEWS
Breaking News
പൾസർ സുനിക്ക് വേണ്ടി അഡ്വ.ബിഎ ആളൂർ
Art-culture

എഴുപത്തിയേഴിന്‍റെ നിറവിൽ ഗാനഗന്ധർവ്വൻ

Tuesday, Jan 10, 2017,14:45 IST By titto A A A

മലയാളത്തിന്‍റെ സ്വരമാധുര്യം ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ് എഴുപത്തിയേഴിന്‍റെ നിറവിൽ. ആറ് പതിറ്റാണ്ടുകളായി മലയാളിയുടെ ജീവിതത്തിലെ നിത്യസാന്നിധ്യമാണ് ഭാവഗായകൻ. 1960 കളിൽ മല‍യാളിയുടെ മനസിലേക്ക് ശബ്ദമാധുര്യമായി  പെയ്ത് തുടങ്ങിയ യാത്ര അനുസ്യൂതം തുടർന്ന് കൊണ്ടേയിരിക്കുന്നു.

അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്ത് ജോസഫിന്‍റെയും മകനായി 1940 ജനുവരി10 ന് ജനിച്ച യേശുദാസ് ഒരു അത്ഭുതമായി മലയാളിക്ക് മുന്നിൽ നില നിൽക്കുകയാണ്. 1961 ൽ കാൽപ്പാടുകൾ എന്ന ചിത്രത്തിൽ ജാതി ഭേദം മതദ്വേഷം എന്ന ഗാനം പാടിയാണ് ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ക്രിസ്ത്യാനയായി ജനിച്ചെങ്കിലും ഒരു മതത്തോടും കാര്യമായി അനുഭാവം പുലർത്താത്ത അദേഹം ജാതി മത ഭാഷകൾക്ക് അതീതനായി  സഞ്ചരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ശാസ്ത്രിയസംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദാ‍യത്തിൽ ജനിച്ചിട്ടും അദേഹത്തിന്‍റെ താൽപ്പര്യം തിരിച്ചറിഞ്ഞ് പിതാവ് തന്നെയാണ് ശുദ്ധസംഗീതത്തിലേക്ക്  കൈ പി‌ടിച്ചുയർത്തിയത്.

പിതാവ് പാടി പഠിപ്പിച്ച അദേഹം ഒമ്പാതമത്തെ വയസിൽ ആദ്യ കച്ചേരി അവതരിപ്പിച്ച് വിസ്മയമായി . പിന്നീട് തിരുവനന്തപുരത്തെ മ്യൂസിക് കോളേജിലും , തൃപ്പൂണിത്തുറ ആർഎൽവി കോളേജിലും സംഗീത പഠനം. ഇതിനിടയിൽ ചൈമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചു. ഭാഗവതരുടെ മരണം വരെ ഇത് തുടർന്നു.

ഗാനഭൂഷണം പാസായ ശേഷം ആകാശവാണിയിൽ ജോലിക്ക് ശ്രമിച്ചുവെങ്കിലും ശബ്ദപരിശോധനയിൽ പങ്കെടുത്ത അദേഹം പരാജയപ്പെട്ട ചരിത്രവുമുണ്ട്. എങ്കിലും സംഗീതം നിരന്തരസാധനയാണെന്ന് വിശ്വസിച്ച അദേഹം തന്‍റെ ജീവിതം സംഗീതത്തിനായി ഉഴിഞ്ഞ് വയ്ക്കുകയായിരുന്നു.

കാലമേറെ മാറിയിട്ടും തലമുറകളുടെ അഭിരുചികൾ മാറിയിട്ടും ഗാനഗന്ധർവ്വന്‍റെ ശബ്ദമാധുര്യത്തിന് മുന്നിൽ മലയാളികൾ അടിമുടി മറക്കുകയാണ്. വിവാദങ്ങൾ തേടിയെത്തിയപ്പോഴും മലയാളികൾ അഗാധമായി ആ മനുഷ്യനെ സ്നേഹിച്ചു. സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു.