FLASH NEWS
Breaking News
സർക്കാർ ജീവനക്കാർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിയന്ത്രണം
kerala

വിഎസിനെതിരായ താക്കീതിലും തൃപ്തരാകാതെ നേതാക്കൾ

Tuesday, Jan 10, 2017,15:44 IST By Anjaly A A A

തിരുവനന്തപുരം: അച്ചടക്കം ലംഘിച്ച വിഎസിന് താക്കീത് നൽകിയതു കൊണ്ടും തൃപ്തിപ്പെടാതെ സംസ്ഥാന നേതൃത്വം. പിബി കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറച്ചുകൂടി കൂടിയ ശിക്ഷ നടപടി വിഎസിനെതിരെ സ്വീകരിക്കണമെന്ന് സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു.

എം.വി.ജയരാജൻ, ഇ.പി.ജയരാജൻ, കോലിയക്കോട് കൃഷ്ണൻനായർ എന്നിവരാണ് വിഎസിന് നൽകിയ താക്കീതിലും തൃപ്തരാകാതെ വിമർശനം ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് എസ്.രാമചന്ദ്രൻ പിള്ളയാണ് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത്. ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ശിക്ഷാ നടപടി താക്കീതിലൊതുക്കിയതിൽ അതൃപ്തി അറിയിച്ചു. പാർട്ടിയിലെ ശിക്ഷാ നടപടികളിൽ ഏറ്റവും ലഘുവായതായിരുന്നു താക്കീത്.

വിഎസിനെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഏതിരായ നിലപാടായിരുന്നു കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയർന്നത്. എന്നാൽ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള ഒരു വിഭാഗം വിഎസിനെതിരെ ചെറിയ നടപടി എങ്കിലും ഉണ്ടാകണമെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നു. ഇനിയെങ്കിലും നല്ല നടപ്പിന് വിഎസ് തയ്യാറാകണമെന്നും കേന്ദ്ര കമ്മിറ്റി വിഎസിന് നിർദേശം നൽകുന്നു.

സംസ്ഥാന സമിതിയിൽ വിഎസിനെ ക്ഷണിതാവായി ഉൾപ്പെടുത്തണമെന്ന കേന്ദ്ര കമ്മിറ്റി നിർദേശം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പ്രായാധിക്യം കണക്കിലെടുത്ത് വിഎസിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നായിരുന്നു പാർട്ടി നിലപാട്.