FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
kerala

പോൾ ആന്‍റണിയുടെ പ്രവർത്തനത്തിൽ മന്ത്രി മൊയ്തീൻ തൃപ്തൻ

Thursday, Jan 12, 2017,11:49 IST By Anjaly A A A

തിരുവനന്തപുരം: വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പോൾ ആന്‍റണിയെ മാറ്റുന്ന കാര്യം സർക്കാർ പരിഗണിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീൻ. സർക്കാരിന് അതൃപ്തിയുണ്ടെങ്കിൽ താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി പോൾ ആന്‍റണി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പോൾ ആന്‍റണി നൽകിയതായി പറയുന്ന കത്ത് തന്‍റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ സെക്രട്ടറി എന്ന നിലയിൽ പോൾ ആന്‍റണിയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് തൃപ്തിയുണ്ട്. ബന്ധു നിയമന കാര്യത്തിൽ ഒഴികെ മറ്റ് കാര്യങ്ങളിൽ എല്ലാം സർക്കാരുമായി സഹകരിച്ചാണ് പോൾ ആന്‍റണി പ്രവർത്തിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പോൾ ആന്‍റണിയെ നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയതായാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ അത്തരം വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നാണ് മന്ത്രിയിപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിജിലൻസ് കേസ് എടുത്തു എന്ന് വെച്ച് ഒരാൾ കുറ്റക്കാരനാകില്ലെന്നും, കേസ് അന്വേഷണം പൂർത്തിയായതിന് ശേഷം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പദവിയിൽ നിന്നും മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.