FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
kerala

മദ്യത്തിനായിനി മാഹിലേക്ക് പോകേണ്ട; മദ്യ വിമുക്ത മാഹിക്കായി സുപ്രീംകോടതി

Friday, Jan 13, 2017,17:16 IST By Anjaly A A A

കൊച്ചി: ബാറുകൾ പൂട്ടി ഉമ്മൻ ചാണ്ടി സർക്കാർ കനത്ത പ്രഹരമേൽപ്പിച്ചപ്പോഴും മലയാളി മദ്യപാനികൾക്ക് മാഹി ഒരു ആശ്വാസമായിരുന്നു. എന്നാൽ കോടതിയെ പോലും ഞെട്ടിച്ച മാഹിക്ക് താഴിടാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണ് സുപ്രീംകോടതി. മദ്യപാനികൾക്ക് ആശ്വസിക്കാൻ ഇനിയൊരു മാഹിയില്ലാതെയാകുന്നു എന്ന് തന്നെയാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്.

ദേശീയ പാതയോരത്തെ മദ്യശാലകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ സുപ്രീംകോടതി ഇളവ് നൽകാൻ വിസമ്മതിച്ചതോടെ മാഹിയുടെ മുഖച്ഛായ തന്നെ ഇനി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 6 സ്ക്വയർ കിലോമീറ്റർ മാത്രമുള്ള മാഹിയിൽ 62 മദ്യശാലകളും ബാറുകളുമാണുള്ളത്. അതിൽ 35 എണ്ണം ദേശീയ പാതയോരത്തും.

ദേശീയ പാതയോരത്തെ മദ്യ നിരോധനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സമയത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ മാഹിയുടെ പേര് എടുത്തെടുത്ത് പരമാർശിച്ചതും 15 മീറ്റർ മാത്രം അകലത്തിൽ മദ്യശാലകൾ പ്രവർത്തിക്കുന്ന മാഹിയെ പിടിച്ചുകെട്ടാൻ ഉദ്ധേശിച്ചാണെന്ന് വ്യക്തം.  42000 പേരെ മാത്രം ഉൾക്കൊള്ളുന്ന മാഹിയാണ് മദ്യപാനികളുടെ പറുദീസയാകുന്നത്. പുതുച്ചേരിയുടെ അധികാര പരിധിയിൽപ്പെടുന്നതിനാൽ 2014ലെ കേരള സർക്കാരിന്‍റെ മദ്യ നയത്തിൽ നിന്നും മാഹി രക്ഷപെടുകയായിരുന്നു.

കേരളത്തിൽ ബാറുകൾ അടച്ചുപൂട്ടിയതോടെ മാഹിയുടെ മദ്യവിൽപ്പനയിൽ നിന്നുമുള്ള റവന്യു വരുമാനത്തിൽ 10 ശതമാനം വർധനവുണ്ടായതായാണ് കണക്കാക്കുന്നത്. മാഹിയിൽ 35 മദ്യശാലകൾ പൂട്ടുന്നതോടെ ആയിരത്തിലധികം പേർക്ക് മാഹിയിൽ ജോലി നഷ്‌ടപ്പെടുകയും, ഈ ഇനത്തിലുള്ള വരുമാനത്തിൽ ദിവസേന 40 കോടി രൂപയുടെ കുറവുണ്ടാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ മാഹിയിലെ ഭൂരിഭാഗം ജനങ്ങളെ സംബന്ധിച്ചും ആശ്വാസകരമായ വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാഹിയുടെ നിരത്തുകളിലൂടെ മദ്യപാനികളുടെ ശല്യമില്ലാതെ സ്ത്രീകൾക്കും കൂട്ടികൾക്കും സുപ്രീംകോടതി വിധിയോടെ ഇനി സഞ്ചരിക്കാം.

മാഹിയിലെ ദേശീയ പാതയോരത്ത് നിന്നും മദ്യശാലകൾ ഇനി മാറ്റി സ്ഥാപിക്കാമെന്ന് വിചാരിച്ചാൽ അതിനും ബുദ്ധിമുട്ടുകൾ ഏറെയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻസിപ്പൽ പാതയോരങ്ങളിൽ നിന്നും 500 കിലോമീറ്റർ അകലെ മാത്രമെ മദ്യശാലകൾ പാടുള്ളെന്ന സുപ്രീംകോടതി വിധിയും മാഹിക്ക് തിരിച്ചടിയാകുന്നുണ്ട്. വീതി കുറഞ്ഞ ഭൂപ്രദേശമുള്ള മാഹിയിലെ റോഡുകളിൽ നിന്ന് അകലെ മദ്യശാലകൾ സ്ഥാപിക്കുകയെന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീംകോടതി വിധിയോടെ മാഹിയിൽ നിന്നും കേരളത്തിലേക്കെത്തുന്ന മദ്യത്തിന്‍റെ അളവിൽ കുറവ് വരുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദേശീയ പാതയോരങ്ങളിലെ മദ്യശാല നിരോധനത്തിൽ വ്യക്തത തേടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മദ്യശാല ഉടമകൾ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെ ദേശീയ പാതകളിലുണ്ടാകുന്ന അപകടങ്ങൾ കൂടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടാൻ ഡിസംബർ 15ന് സുപ്രീംകോടതി ഉത്തരവിട്ടത്.

ഏപ്രിൽ ഒന്നു മുതൽ മദ്യശാലകൾ ദേശീയ പാതയോരങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ദേശീയ പാതയ്ക്ക് 500 മീറ്റർ അപ്പുറത്ത് മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോർഡുകളോ, സൂചനകളോ സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കലക്റ്റർമാരും ഡിജിപിമാരും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.