FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
India

നോട്ട് അസാധുവാക്കലിന്‍റെ കാരണം വെളിപ്പെടുത്തി വലയുന്ന ആർബിഐ

Friday, Jan 13, 2017,18:34 IST By Anjaly A A A

ന്യൂഡൽഹി: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് അസാധുവാക്കലിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് ആർബിഐയും കേന്ദ്ര സർക്കാരും നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാലിപ്പോൾ നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്താൻ സാധിക്കാത്തത് എന്താണെന്നുള്ളതിന് അവിശ്വസനീയമായ വിശദീകരണവുമായെത്തിയിരിക്കുകയാണ് ആർബിഐ.

ജീവന് ഭീഷണിയാണെന്നതാണ് നോട്ട് അസാധുവാക്കലിന്‍റെ കാരണം വെളിപ്പെടുത്താതിരിക്കാൻ ആർബിഐ പുതുതായി മുന്നോട്ട് വയ്ക്കുന്ന വിശദീകരണം. രാജ്യ സുരക്ഷയ്ക്കും, ജീവനും ഭീഷണിയായിരിക്കും ഇതെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ആർബിഐ നൽകിയിരിക്കുന്ന മറുപടി.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനം ആരുടെ നിർദേശപ്രകാരമായിരുന്നു എന്നതിലുള്ള ദുരൂഹത ഇതോടെ ഉത്തരമില്ലാതെ തുടരുകയാണ്. കേന്ദ്ര സർക്കാരാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ആർബിഐ അടുത്തിടെ വ്യക്തമാക്കിയത്. എന്നാൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ വിപണിയിൽ നിന്നും പിൻവലിക്കാൻ ആർബിഐ നിർദേശം നൽകുകയും കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുകയുമായിരുന്നു എന്നുമാണ് നവംബറിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ പാർലമെന്‍റിൽ പറഞ്ഞിരുന്നത്.

കേന്ദ്രത്തിന്‍റേയും, ആർബിഐയുടേയും ഭാഗത്ത് നിന്നുമുണ്ടാകുന്ന വിരുദ്ധ പരാമർശങ്ങളിലൂടെ ആർബിഐയുടെ പ്രവർത്തനവും, പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശൈലിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.