FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Cinema

പ്രണയത്തിന്‍റെ ലഹരിയുമായി ഉലഹന്നാനും ആനിയമ്മയും

Saturday, Jan 21, 2017,17:41 IST By titto A A A

വിവാഹത്തോടെ പ്രണയം കെട്ടടങ്ങിയവർക്കുള്ള ജിബുജേക്കന്‍റെ ഉത്തമഗീതമാണ് മുന്തിരിവള്ളികൾ  തളിർക്കുമ്പോൾ. പുലിമുരുകൻ എന്ന അവതാരപ്പിറവിക്ക് ശേഷം മോഹൻലാൽ മണ്ണിൽ ജീവിക്കുന്ന മനുഷ്യനായാണ് സ്‌ക്രീനിലെത്തുന്നത്. ഒരേ ഓഫീസ്, വീട്, ആളുകൾ , മദ്യപാനസദസ്സ് ജീവിതം ബോറടിച്ച് തുടങ്ങിയ മധ്യവയ്സകനാണ് ഉലഹന്നാൻ. ആനിയമ്മയുടെ സ്ഥിതി ഭിന്നമല്ല. ഇവരുടെ ജീവിതത്തിൽ ഒരു പ്രത്യേകഘട്ടത്തിൽ പ്രണയം പൂത്ത് തുടങ്ങുന്നതാണ് സിനിമയുടെ കഥാതന്തു.

ദൃശ്യത്തിന് ശേഷം മോഹൻലാൽ മീന ജോഡി ഒന്നിക്കുന്നുവെന്നത് മുന്തിരിവള്ളികളുടെ ഹൈലൈറ്റായിരുന്നു. പ്രണയം വറ്റിത്തുടങ്ങിയ ഇവരുടെ ജീവിതത്തിലെ പൊരുത്തമില്ലായ്മയാണ് ആദ്യപകുതി. പിന്നീട് ചിത്രം കഥയിലേക്ക് പ്രവേശിക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും ഭാര്യ ഭർത്തൃബന്ധത്തിന്‍റെ വിശുദ്ധിയും പ്രമേയം ആകുന്നു. ലാലിസം പൂർണ്ണമായും ഉൾക്കൊള്ളിച്ചാണ് ചിത്രത്തിന്‍റെ കഥയുടെ സഞ്ചാരം.

അണുകുടുംബങ്ങിലേക്ക്  ചുരുങ്ങി ഫ്ലാളാറ്റുകൾക്കുള്ളിലേക്ക് ചേക്കേറിയോപ്പോൾ നഷ്ടമായ ഗൃഹാതുരത്വവും ബന്ധങ്ങളിലെ പൊള്ളത്തരവും ചർച്ച ചെയ്യുന്ന ചിത്രം മികച്ച അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക. അനൂപ് മേനോൻ, അലൻസിയർ, സുരാജ് വെഞ്ഞാറമൂട്, ആഷാ ശരത്, ജോയ് മാത്യു, ഐമ , മാസ്റ്റർ സനൂപ്, സുധീർ കരമന, രാഹുൽ മാധവ്, ഷറഫുദ്ധീൻ , സ്രിന്‍റ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

വിജെ ജയിംസിന്‍റെ പ്രണയോപനിഷത്ത് എന്ന കഥയെ ആസ്‌പദമാക്കി എം സിന്ധുരാജാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം അൽപ്പം പാളിയാൽ മെലോഡ്രാമയായി മാറാമെന്നിരിക്കെ അതിനെ സമർത്ഥമായി അതിജീവിക്കാൻ സംവിധായകൻ ജിബു ജേക്കബിനായി. ഇതിന് കരുത്തായതാകട്ടെ മോഹൻലാൽ എന്ന കംപ്ലീറ്റ് അക്ടറും.