FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

അഭിപ്രായങ്ങൾ എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന രീതിയിൽ പറയാനാവില്ല

Wednesday, Jan 25, 2017,19:15 IST By Anjaly A A A

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി തുടരുന്ന വാക് പോര് അവസാനിക്കുന്നില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ എല്ലായ്പ്പോഴും അഭിപ്രായം പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് സാധിക്കില്ലെന്നാണ് കാനം മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ പോലെയാണ് ഇപ്പോഴത്തെ ഇടത് സർക്കാരെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമമാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

എന്നാൽ ഒഴുക്കിനൊപ്പം നീന്തുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടിയെന്നും, തെറ്റിദ്ധാരണ കൊണ്ടല്ല ഉറച്ച ധാരണ കൊണ്ടാണ് കാര്യങ്ങൾ പറയുന്നതെന്നും കാനം തിരിച്ചടിച്ചു.

വിവരാവകാശ സെമിനാറിൽ മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട തന്‍റെ പ്രതികരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും, സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ചുമതലപ്പെട്ടവർ പോലും മറിച്ച് നിലപാടെടുത്തത് ശരിയായില്ലെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പുറത്തുവിടുന്നതിനെ കുറിച്ചാണ് വിവരാവകാശ സെമിനാറിൽ താൻ സംസാരിച്ചത്. സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും വാർത്താ കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.