FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
India

രാമക്ഷേത്രത്തിലൂടെ യുപി പിടിക്കാൻ ബിജെപി

Saturday, Jan 28, 2017,20:25 IST By Anjaly A A A

ലഖ്നൗ: രാമ ക്ഷേത്രം ഉയർത്തിപ്പിടിച്ച് ഉത്തർപ്രദേശിൽ അധികാരം പിടിക്കാൻ ബിജെപി. ശനിയാഴ്ച പാർട്ടി അധ്യക്ഷൻ അമിത് ഷാ പുറത്തുവിട്ട പ്രകടന പത്രികയിലാണ് ബിജെപി യുപിയിൽ അധികാരത്തിലെത്തിയാൽ രാമ ക്ഷേത്രം നിർമിക്കുമെന്ന് വാഗ്ദാനം നൽകുന്നത്.

രാമക്ഷേത്രത്തിന് പുറമെ മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളും വോട്ട് ലക്ഷ്യമിട്ട് ബിജെപി ഉയർത്തിക്കാട്ടുന്നു. മുത്തലാഖിനെതിരെ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുമായി ബിജെപി മുന്നോട്ടു പോകുമെന്നാണ് യുപിയിലെ പ്രകടന പത്രികയിലും പറയുന്നത്.

നിയമവിധേയമായി രാമക്ഷേത്രം നിർമ്മിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് അമിത് ഷാ വ്യക്തമാക്കുന്നു. വർഗീയ സംഘർഷങ്ങളെ തുടർന്ന് ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവരുന്ന സാഹചര്യം ബിജെപി അധികാരത്തിലെത്തിയാൽ ഇല്ലാതാക്കുമെന്നും അമിത് ഷാ പറയുന്നു.

ഹെൽപ്പ്‌ലൈൻ നമ്പറായ 100 ഡയൽ ചെയ്ത് 15 മിനിറ്റിനുള്ളിൽ പൊലീസ് സഹായം ലഭ്യമാക്കുമെന്നതും ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുന്നു. അഖിലേഷ് യാദവ് സർക്കാരിന്‍റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ആക്രമണ സംഭവങ്ങൾ രാജ്യ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പൊലീസിന്‍റെ ഭാഗത്ത് നിന്നുമുള്ള വീഴ്ചയാണ് ജനങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സഹായം ഉറപ്പുവരുത്തുമെന്ന വാഗ്ദാനം ബിജെപി യുപിയിലെ ജനങ്ങൾക്ക് മുൻപാകെ വയ്ക്കുന്നത്.