FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
kerala

ഗ്രാമീണ-കാർഷിക പുരോഗതി ലക്ഷ്യമിട്ട് ജെയ്റ്റ്ലി

Wednesday, Feb 1, 2017,15:48 IST By Anjaly A A A

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് നികുതിയിളവ് നൽകിയും കാർഷിക, ഗ്രാമീണ മേഖലയുടെ മുന്നേറ്റത്തിന് ഊന്നൽ നൽകിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നാലാം ബജറ്റ്. 2.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരെ നികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്.

2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വാർഷീക വരുമാനം ഉണ്ടായിരുന്നവർക്ക് നേരത്തെ 10 ശതമാനം നികുതിയായിരുന്നു നൽകേണ്ടിയിരുന്നതെങ്കിൽ ജെയ്റ്റ്ലിയത് 5 ശതമാനമായാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടി വരില്ലെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ജെയ്റ്റ്ലി വ്യക്തമാക്കുന്നു. എന്നാൽ 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ളവർക്ക് 10 ശതമാനം സർച്ചാജ് ഏർപ്പെടുത്തി. ഒരു കോടിക്ക് മുകളിൽ വരുമാനമുള്ളവർ 15 ശതമാനം സർച്ചാജ് നൽകേണ്ടി വരും.

കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാൾ കൂടുതൽ തുക ഗ്രാമീണ, കാർഷിക മേഖലയുടെ പുരോഗതിക്കായി ജെയ്റ്റ്ലി ഈ വർഷം വകയിരുത്തിയിരിക്കുന്നു. 187223 കോടി രൂപയാണ് ഗ്രാമീണ കാർഷിക മേഖലയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേതിനേക്കാൾ 24 ശതമാനം കൂടുതൽ തുകയാണിത്. കാർഷിക വായ്പയ്ക്കായി 10 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2016-17 കാലയളവിൽ കാർഷിക രംഗത്ത് 4.1 ശതമാനം വളർച്ച കൈവരിച്ചതായി ധനമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.

പട്ടിണി ഇല്ലാതാക്കൽ, നിർമാണ മേഖല, ഗ്രാമീണ മേഖലയിലെ വികസനം എന്നിവയ്ക്ക് പ്രത്യേക പരിഗണനയാണ് 2017-18 സാമ്പത്തിക വർഷത്തെ ബജറ്റിൽ നൽകിയിരിക്കുന്നത്.