FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

നോട്ട് അസാധുവാക്കലിന്‍റെ തിരിച്ചടികൾ മറികടക്കാൻ ജെയ്റ്റ്ലിയുടെ ബജറ്റ്

Wednesday, Feb 1, 2017,10:42 IST By Anjaly A A A

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ നാലാം ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് പാർലമെന്‍റിലവതരിപ്പിക്കുമ്പോൾ നോട്ട് അസാധുവാക്കൽ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ മറികടക്കാൻ എന്തൊക്കെ പൊടികൈകളാകും ബജറ്റിലുണ്ടാവുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ നോട്ട് അസാധുവാക്കൽ ജിഡിപിയെ കാര്യമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ മയപ്പെടുത്താൻ ലക്ഷ്യമിട്ടാകും ജെയ്റ്റ്ലിയുടെ ബജറ്റ്.

ഉയർന്ന മൂല്യമുള്ള നോട്ടുകൾ വിപണിയിൽ നിന്നും പിൻവലിച്ചതിനെ തുടർന്ന് കൺസ്യൂമർ ഡിമാന്‍റെ കുറയുകയും, ഉത്പാദന വിതരണ മേഖലയിൽ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. മൂലധന നിക്ഷേപത്തേയും 500,1000 രൂപ നോട്ടുകളുടെ അസാധുവാക്കൽ കാര്യമായി ബാധിച്ചിരുന്നു. കോർപ്പറേറ്റ് നികുതി ഉൾപ്പെടെയുള്ളവയിൽ കുറവ് വരുത്തി സാമ്പത്തിക മേഖലയ്ക്ക് ഉണർവേകാനാകും ജെയ്റ്റ്ലിയുടെ ശ്രമം.

പാർലമെന്‍റ് അംഗം ഇ.അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിലേക്ക് മാറ്റി വയ്ക്കുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ബജറ്റ് മാറ്റിവയ്ക്കേണ്ടതില്ലെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിലപാട് പ്രധാനമന്ത്രിയും, സ്പീക്കറും അംഗീകരിക്കുകയായിരുന്നു.