FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Cinema

ഫുക്രി ഒരു ക്ലീൻ എന്‍റർടെയ്നർ

Friday, Feb 3, 2017,18:01 IST By റ്റിറ്റോ ജോർജ് A A A

സിദ്ധിഖ് ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ഫുക്രി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റുന്നു. തിയറ്ററുകളിൽ വീണ്ടും കൂട്ടച്ചിരിക്കുള്ള അവസരമാണ് സിദ്ധിഖ് സമ്മാനിക്കുന്നത്.ജയസുര്യയുടെ ലക്കിയെന്ന ലുക്ക്മാൻ അലി ഫുക്രി ആകുന്നതാണ് കഥ  .

മെക്കാനിക്കൽ എഞ്ചിനിയറിംഗ് പാതി വഴിയിൽ  ഉപേക്ഷിച്ചവരാണ് ലക്കിയും ഫ്രാങ്ക്‌ളിനും. അരോരുമില്ലാത്ത അവരുടെ ലോക്കൽ ഗാർഡിയൻ ഉസ്മാനാണ്. അനുദിനം ജീവിതം തള്ളി നീക്കാൻ പാടുപെടുന്ന ഇവർക്ക് ഉസ്മാനെ ഉപേക്ഷിച്ച് നാട് വിട്ട് പോകേണ്ടി വരുന്ന സാഹചര്യവും പിന്നീട് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകളുടെ ഘോഷയാത്രയുമാണ് സിനിമ.നഫ്സിയെ  ലക്കി പരിചയപ്പെടുന്നതും പിന്നീട് അ‍യാൾ ഉസ്മാൻ ഫുക്രിയുടെ കുടുംബത്തിലേക്ക് എത്തുന്നതിനും ഇ‌ട‌യിൽ ഉണ്ട‌ാകുന്ന സംഭവങ്ങളെ  പതിവ് പോലെ നർമ്മത്തിൽ ചാലിച്ചാണ് സിദ്ധിഖ് അവതരിപ്പിച്ചിരിക്കുന്നത്.

മാമ്പഴക്കാലവും, ഉദയപുരം സുൽത്താനിലെയും പോലെ ബന്ധുക്കളുടെ നീണ്ട നിരയാണ് സിനിമയിൽ. ഇവർ തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയ‌ട‌ുപ്പവും  ബന്ധങ്ങളിലെ സങ്കീർണ്ണതയിലൂടെയാണ് കഥയുടെ സഞ്ചാരം. തട്ടിപ്പും വെട്ടിപ്പും കൈമുതലായുള്ളവരാണ് നായകനും കൂട്ടുകാരുമെങ്കിലും കഥ അവസാനിക്കുമ്പോൾ എല്ലാവരും നന്മ നിറഞ്ഞ പുണ്യാളന്മാരാണ്.  നഷ്ടപ്പെട്ടു പോയ സ്നേഹം ലഭിക്കുകയും അർഹിക്കുന്നതിൽ കൂടുതൽ  പരിഗണന ലഭിക്കുകയും ചെയ്യുന്നതോടെ ഇവർ മാനസാന്തരപ്പെടുകയും ചെയ്യുന്നു.‌

സ്വഭാവികനർമ്മങ്ങളും ഗാനങ്ങളും മാത്രമാണ് ചിത്രത്തിലുള്ളത്.  ലക്കിയായും , ഫുക്രിയായും ജയസൂര്യ അനായാസ അഭിനയമാണ് കാഴ്ച വച്ചത്. അനു സിത്താര,പ്രയാഗ തുടങ്ങിയവരും അവര‌ുടെ ഭാഗം ഭംഗിയാക്കി. സിദ്ധിഖിന്‍റെ വ്യത്യസ്ഥമായ ലുക്കിലും ഭാവത്തിലും ഉസ്മാൻ ഫുക്രി ആ കൈകളിൽ ഭദ്രമായി. ലാൽ പതിവ് പോലെ അദേഹത്തിന്‍റെ സാന്നിധ്യം അറിയിച്ചു.

ഭഗത് മാനുവൽ, ജോജു, കൃഷ്ണപ്രഭ, കെപിഎസി ലളിത , ജനാർദ്ദനൻ, തെസ്നിഖാൽ, ശ്രീലത നമ്പൂതിരി, മുകുന്ദൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ. വിജയ് ഉലകനാഥിന്‍റെ ഛായാഗ്രഹണവും മികച്ച് നിൽ‌ക്കുന്നു.കളർഫുൾ ആയി ഒരുക്കി‍യിരുന്ന ഫൺസിനിമയാണ് ഫുക്രി. ദൈർഘ്യം കൂടുതലാണെങ്കിലും മനസ് തുറന്ന് ചിരിക്കാനുള്ള അവസരമാണ് ഫുക്രി സമ്മാനിക്കുന്നത്.