FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
India

ഗോവയും പഞ്ചാബും പോളിങ് ബൂത്തിൽ; ഭരണം പിടിക്കാൻ കോൺഗ്രസും ബിജെപിയും എഎപിയും

Saturday, Feb 4, 2017,11:26 IST By Anjaly A A A

ഛണ്ഡീഗഡ്, പനാജി: ഗോവയും പഞ്ചാബും പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ഇവിടെ ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും ബിജെപിയും എഎപിയും. കോൺഗ്രസ്, ബിജെപി എന്നീ പ്രമുഖ രാഷ്‌ട്രീയ പാർട്ടികൾക്ക് കനത്ത വെല്ലുവിളി ഉയർത്തി എഎപിയുടെ കടന്നുവരവാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പോരാട്ടം ശ്രദ്ധേയമാക്കുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷമുള്ള തെരഞ്ഞെടുപ്പ്

കേന്ദ്ര സർക്കാരിന്‍റെ നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് പഞ്ചാബിലും ഗോവയിലും നടക്കുന്നത്. നോട്ട് അസാധുവാക്കൾ ജനങ്ങളെങ്ങനെ സ്വീകരിച്ചു എന്നതിന്‍റെ തെളിവാകും പഞ്ചാബിലേയും ഗോവയിലേയും തെരഞ്ഞെടുപ്പ് ഫലം.

പഞ്ചാബിൽ ശിരോമണി അകാലിദളുമായി അധികാരം കയ്യാളുന്ന ബിജെപിക്ക് കോൺഗ്രസിനേക്കാൾ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് കെജ്‌രിവാളിന്‍റെ ആം ആദ്മി പാർട്ടിയാണ്. ഗോവയിലും ബിജെപി സർക്കാരാണ് അധികാരത്തിലിരിക്കുന്നത് എന്നതിനാൽ ഭരണ തുടർച്ചയാണ് ഇരു സംസ്ഥാനങ്ങളിലും ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

പഞ്ചാബ്

പഞ്ചാബിൽ വോട്ടിങ് മന്ദഗതിയിൽ ആദ്യ മണിക്കൂറിൽ എട്ട് മുതൽ 10 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വരും മണിക്കൂറുകളിൽ വോട്ടിങ് ശതമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 115 നിയമസഭാ മണ്ഡലങ്ങളിലേക്കായി 1145 സ്ഥാനാർഥികളാണ് പഞ്ചാബിൽ ജനവിധി തേടുന്നത്. ശിരോമണി-ബിജെപി സഖ്യം, പ്രതിപക്ഷമായ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയാണ് ഭരണം പിടിക്കാനുള്ള ശക്തമായ പോരാട്ടത്തിലുള്ളത്.

94 സീറ്റുകളിൽ ശിരോമണി അകാലിദളും, 23 സീറ്റിൽ സഖ്യകക്ഷിയായ ബിജെപിയും മത്സരിക്കുന്നു. എല്ലാ സീറ്റിലും ഒറ്റയ്ക്കാണ് കോൺഗ്രസിന്‍റെ പോരാട്ടം. 112 സീറ്റുകളിലാണ് എഎപി സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.

ഗോവ

40 മണ്ഡലങ്ങളിലാണ് ഗോവയിലെ തെരഞ്ഞെടുപ്പ് പോരാട്ടം. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ രണ്ട് മണിക്കൂറിൽ 15 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ്ങ് സ്റ്റേഷനുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് ഗോവയിൽ. ഉച്ചയാകുന്നതോടെ പോളിങ് ശതമാനം 40 കടക്കുമെന്നാണ് കണക്കാക്കുന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ആയുഷ് മന്ത്രി ശ്രിപദ് നായിക്, ഗോവ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി.