FLASH NEWS
Breaking News
ഓഹരി സൂചികകൾ നഷ്ടത്തിൽ
kerala

ഏതോ നടരാജപിള്ളയല്ല, മുഖ്യമന്ത്രിക്ക് ഓർമ്മപ്പെടുത്തലുമായി ജനയുഗം

Monday, Feb 6, 2017,9:44 IST By Anjaly A A A

തിരുവനന്തപുരം: ഓലക്കുടിലിൽ ജീവിച്ച്‌ ഒടുവിൽ അതും വിൽക്കേണ്ടിവന്നയാൾ. ലക്ഷ്മി നായരുടെ പാരമ്പര്യമല്ല പി.എസ്‌. നടരാജപിള്ളയുടേത്‌. ഏതോ ഒരു പിള്ളയല്ല പി.എസ്‌. നടരാജപിള്ളയെന്ന്‌ ചരിത്രം പറയുന്നു. ഏതോ ഒരു പിള്ളയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിന് ശക്തമായ മറുപടിയുമായെത്തിയിരിക്കുകയാണ് സിപിഐ മുഖപത്രമായ ജനയുഗം.

മഹാപണ്ഡിതനായ റാവു ബഹദൂർ പ്രൊഫ. സുന്ദരം പിള്ളയുടെ പുത്രൻ, സ്വാതന്ത്ര്യ സമരസേനാനി, ‘ദി പോപ്പുലർ ഓപ്പീനിയൻ’ ‘വഞ്ചി കേസരി’ എന്നീ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപർ, ശ്രീമൂലം അസംബ്ലിയിലും ലെജിസ്ലേറ്റീവ്‌ കൗൺസിലിലും അംഗം, 1954-55 കാലത്ത്‌ തിരു-കൊച്ചി മന്ത്രിസഭയിൽ ധനമന്ത്രി, ഭരണപരിഷ്കാര കമ്മിറ്റി അംഗം ഇതൊക്കെയായിരുന്നു പി.എസ്‌ നടരാജപിള്ളയെന്ന് ജനയുഗം എഡിറ്റോറിയൽ പേജിൽ വി.പി.ഉണ്ണികൃഷ്ണൻ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഭൂമി നൽകിയത്‌ സർക്കാരിന്‌ അധികാരമുള്ള ട്രസ്റ്റിന്‌. ഇന്ന്‌ കുടുംബത്തിന്റെ കാൽക്കീഴിൽ. ഇതിനെ പിന്തുണയ്ക്കുന്നത്‌ പൊതുസമൂഹത്തോടുള്ള പാതകം എന്ന്‌ ഉത്തരവാദപ്പെട്ടവർ തിരിച്ചറിഞ്ഞില്ലെങ്കിൽ ചരിത്രം പുച്ഛിക്കുമെന്നും ലേഖനത്തിൽ വിമർശനം ഉയരുന്നു.

ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയും എം എൻ ഗോവിന്ദൻ നായർ കൃഷിവകുപ്പ്‌ മന്ത്രിയുമായിരുന്നു. സി പി രാമസ്വാമി അയ്യർ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച്‌ ഇനി പരിശോധനയുമില്ലെന്ന്‌ പറയുന്ന മഹാരഥൻമാർ ഈ ചരിത്രപാഠം അറിയേണ്ടതാണ്‌. നിർധനരും പിന്നാക്കക്കാരുമായ കുട്ടികൾക്ക്‌ നിയമവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കലാലയം ഇന്ന്‌ ഏകാധിപത്യത്തിന്റെയും ധാർഷ്ട്യത്തിന്റെയും ജന്മിത്വ ദുഷ്പ്രഭുത്വത്തിന്റെയും കേന്ദ്രമായത്‌ എങ്ങനെയെന്ന ചോദ്യമാണ്‌ വിദ്യാർഥികളുടെ തുറന്നുപറച്ചിലിലൂടെ പൊതുസമൂഹം ഉന്നയിക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.