FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
Cinema

ചുവപ്പിൽ മുങ്ങിയ അപാരത

Saturday, Mar 4, 2017,19:32 IST By titto A A A

പ്രണയം ലഹരിയാണെങ്കിൽ കമ്മ്യൂണിസ്റ്റിന് ചെങ്കൊടി ജീവിതമാണ്. പ്രതീക്ഷയാണ്. ചുമപ്പിനെ നെഞ്ചോട് ചേർത്ത  കൊച്ചനിയനും പോളും സുഭാഷും നമ്മുക്കിടയിൽ  ജീവിച്ച് കടന്ന് പോയവരാണ്. അതല്ലെങ്കിൽ ഇന്നും ജീവിച്ച് കൊണ്ടിരിക്കുന്നവരുടെ പ്രതീകമാണ്.

ചോരച്ചാലുകൾ നീന്തിക്കയറിയവരാണ് ഓരോ കമ്മ്യൂണിസ്റ്റ്കാരനും. സമകാലീന രാഷ്ട്രീയം കൂടുതലായി ചർച്ച ചെയ്യുന്നില്ലെങ്കിലും സമകാലീന സംഭവങ്ങളിൽ ചിലതെങ്കിലും ചർച്ചയാക്കുന്നുണ്ട് ചിത്രം. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് തെറ്റാണോ എന്ന് ചോദിക്കുമ്പോൾ മിഴിച്ച് നിൽക്കുന്ന പ്രിൻസിപ്പളും മുട‌ി വളർത്തുന്നത് സ്വാതന്ത്ര്യമാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന യുവവിപ്ലവകാരിയും ഇന്നിന്‍റെ പ്രതീകങ്ങളാണ്.

ആദ്യം അടിയന്തരവസ്ഥക്കാലത്തെ കൊച്ചനിയന്‍റെ ജീവിതമാണെങ്കിൽ പിന്നീട് പോളിലേക്കും ഹൃദയത്തിൽ വിപ്ലവസൂര്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന സുഭാഷിലേക്കും കൃഷ്ണനിലേക്കും ചുവപ്പിന്‍റെ വസന്തം പടരുന്നതിന്‍റെ കഥയാണ് മെക്സിക്കൻ അപാരത

മഹാരാജാസ് കോളേജാണ് ചിത്രത്തിന്‍റെ പശ്ചത്തലം 2000 ത്തിൽ കാമ്പസിലേക്കെത്തുന്ന ചെറുപ്പക്കാരനാണ് പോൾ. ഇയാൾ അലസനാണ്. ജീവിതത്തിന് പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ നടക്കുന്നവൻ. ഇയാളുടെ ചങ്ങാതിയാണ് സുഭാഷ് (നീരജ് മാധവ്) . എങ്ങനെയും എസ്എഫ്‌വൈ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇയാൾ.

എന്നാൽ കെഎസ്ക്യൂന്‍റെ കോട്ടയായ അവിടെ രൂപേഷ് അറിയാതെ ഒന്നും നടക്കില്ല. അവന് മീതെ കടക്കണമെങ്കിൽ ബുദ്ധി മാത്രം പോര ശക്തിയും വേണം.പണ്ട് ആട് തോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് തന്‍റെ രണ്ടാം വരവും ഗംഭീരമാക്കിയിരിക്കുകയാണ്. വില്ലൻ കഥാപാത്രത്തെ പൂർണ്ണമായും മനസിലേക്ക് ആവാഹിച്ചാണ് പ്രകടനം. കുട്ടുകാരനായി എത്തുന്ന ജിനോ ജോണിന്‍റെയും മികച്ച് നിന്നു. ഉശിരന്മാരാായ കെഎസ്ക്യു നേതാക്കളെ മലയാളസിനിമ ഇത് വരെ പരിചരിച്ചിട്ടുണ്ടാകില്ല.

അൽപ്പം പാളിയാൽ കൈ വിട്ട് പോകാവുന്ന കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകൻ ടോം ഇമ്മട്ടിക്കായി. സഹതാരങ്ങളായി എത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ചെങ്കൊടിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന യുവത്വത്തിന്‍റെ വിപ്ലവവീര്യമാണ് മെക്സിക്കൻ അപാരത. ആഴത്തിൽ ഉള്ള രാഷ്ട്രീയം പറയുന്നില്ലെങ്കിലും ചെങ്കൊടിയെ നെഞ്ചോട്ചേർക്കുന്നവർക്ക് അനഭവിച്ചറിയാം മെക്സിക്കൻ അപാരത. അന്ധമായ കമ്യൂണിസ്റ്റ് വിരോധമുള്ളവർക്ക് ഒരു പക്ഷെ നിരാശയാകും ഫലം .രണ്ട് കാലഘട്ടങ്ങളായാണ് ചിത്രം കഥ പറയുന്നത്.

ടോവിനോ തോമസ് എന്ന താരത്തിന്‍റെ പിറവി കൂടിയാണ്  മെക്സിക്കൻ അപാരത. ഇത് വരെ ഒറ്റപ്പെട്ട സിനിമകളിൽ സഹനടനായി മിന്നുന്ന പ്രകടനം കാഴ്ച വെച്ച ടോവിനോ  മലയാളസിനിമയിൽ തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. പണംവാരിപ്പടങ്ങളായി മാറിയ സെവൻത് ഡേയിലും എന്ന് നിന്‍റെ മൊയതീനിലും ചാർലിയിലും സാന്നിധ്യമായിരുന്ന ടോവിനോ വരുംകാലമലയാള സിനിമയുടെ പ്രതീക്ഷ കൂടിയാണ്.