FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Top News

അയാളുടെ ഭാവം അത്രയ്ക്ക് അറപ്പുളവാക്കുന്നതായിരുന്നു

Friday, Mar 10, 2017,20:59 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: വനിതാദിനത്തിൽ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന അനുഭവം പങ്ക് വെച്ച് യുവതി ഫെയ്സ്ബുക്കിൽ ചർച്ചയാകുന്നു. അയാളുടെ ഭാവം അത്രയ്ക്ക് അറപ്പുളവാക്കുന്നതായിരുന്നു എന്ന തലക്കെട്ടോടെയാണ് തനിക്കുണ്ടായ അനുഭവം സ്നേഹ പങ്ക് വച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടും തണുത്ത പ്രതികരണം ഉണ്ടാ‍യതെന്നും സ്നേഹ പറയുന്നു.

 ഫെ‍‍യ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

BeBoldForChange എന്ന് പറഞ്ഞു ലോകം വനിതാദിനം ആചരിക്കുമ്പോൾ ഞാൻ പോലീസ് സ്റ്റേഷനിലായിരുന്നു. എന്തിനാ പോലീസ് സ്റ്റേഷനിൽ പോയതെന്നല്ലേ? ഇന്നലെ വീടിന്‍റെ ഗേറ്റിനു മുൻപിൽ നിൽക്കവേ ഒരാൾ എന്‍റെ നേർക്കു അശ്ലീലം കലർന്ന കമന്‍റ് അടിക്കുകയും എനിക്ക് നേരെ വൃത്തികെട്ട ഒരു ചുംബനം എറിഞ്ഞു തരികയും ചെയ്തു. ആ സമയത്തു ആ മനുഷ്യന്‍റെ മുഖത്ത് വന്ന ഭാവ മാറ്റം അത്രയ്‌ക്ക് അറപ്പുളവാക്കുന്നതായിരുന്നു. ഞാൻ ബൈക്കിന് പിന്നാലെ ഓടി. എന്തായാലും ആ സമയത്തു അത് വഴി വന്ന അയൽക്കാരൻ പിന്നാലെ പോയി ബൈക്കിന്‍റെ നമ്പർ പറഞ്ഞു തന്നു. 

കുട്ടികാലത്തൊക്കെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഞാനാദ്യം ചിന്തിച്ചിരുന്നത് അതെന്റെ ഭാഗത്തെ തെറ്റ് കൊണ്ടാണ് എന്നാണ്.എന്നാൽ ഇന്ന് തിരിച്ചറിയുന്നത് ചീത്തപ്പേരിനെ പേടിച്ചു, ഉപദ്രവത്തെ പേടിച്ചു,പിന്നീടുണ്ടാകുന്ന സമയനഷ്ടത്തെ പേടിച്ചു ഒക്കെ നമ്മൾ മിണ്ടാതിരിക്കുമ്പോൾ നമ്മുടെ മൗനം നമ്മളറിയാതെ തന്നെ അനുവാദം ആയിത്തീരുന്നു മറ്റൊരാളോട് ഇത് ആവർത്തിക്കാൻ. കൈക്കുഞ്ഞ് മുതൽ 70 വയസ്സായ അമ്മച്ചിമാർ വരെ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ പെൺകുട്ടികളെ ‘മാന്യമായ’ വസ്ത്രം ധരിപ്പിച്ചത് കൊണ്ടോ പെൺകുട്ടികളുടെ ജീവിതത്തെ വീട്ടിൽ പൂട്ടി വെച്ചത് കൊണ്ടോ കാര്യമില്ല.

നഴ്‌സറി മുതലേ രണ്ടു വശങ്ങളിലേക്ക് മാറ്റിയിരുത്തി, അവളെക്കുറിച്ചു അവന്‍റെയുള്ളിലും, അവനെക്കുറിച്ചു അവളുടെ ഉള്ളിലും അകാരണമായ ദുരൂഹത വളർത്തുന്നു. മാറേണ്ടത് ചെറുപ്പത്തിലേ ആരോഗ്യകരമായ സൗഹൃദം വളരാൻ അനുവദിക്കാത്ത അലിഖിത നിയമങ്ങളാണ്, സമൂഹത്തിന്‍റെ വികലമായ കാഴ്ചപ്പാടുകളാണ്.
അത് മാറാതെ 365 ദിവസം ഉള്ളതിൽ ബാക്കി എല്ലാ ദിവസങ്ങളും പുരുഷന്‍റേത് ആയിരിക്കുകയും ഒരു ദിവസം സ്ത്രീയുടേത് എന്ന് ആഘോഷിക്കപ്പെടുകയും ചെയ്‌യുന്നതിൽ ഒരു അർത്ഥവുമില്ലെന്നാണ് എന്‍റെ പക്ഷം.