FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Top News

കുല്‍ഭൂഷണ്‍ ജാദവ്: പാകിസ്ഥാന്‍ വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യ

Monday, May 15, 2017,16:19 IST By സ്വന്തം ലേഖകൻ A A A

ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയത്തില്‍ പാകിസ്ഥാന്‍ വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ബോധിപ്പിച്ചു. വിയന്ന കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കള്‍ 36ന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്നാണ് ഇന്ത്യ പ്രധാനമായും ആരോപിക്കുന്നത്. നീതിന്യായ കോടതി വിധി വരും മുമ്പ് തന്നെ പാകിസ്ഥാന്‍ വധശിക്ഷ നടപ്പാക്കുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തി ശിക്ഷവിധിച്ചതും പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചില്ലെന്നും ആരോപിച്ചു. നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അനുവദിച്ചില്ല. നയതന്ത്ര പ്രതിനിധിയെ ജാദവിനെ കാണിക്കാനുള്ള അനുമതിയും നല്‍കിയില്ലെന്നും ഇന്ത്യ ആരോപിച്ചു. വധശിക്ഷ വിധിച്ച നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. അറസ്റ്റ് നടന്ന വിവരവും പാക് പട്ടാള കോടതിയുടെ ഉത്തരവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇന്ത്യ യുഎന്‍ കോടതിയെ അറിയിച്ചു.

ഇന്ത്യയുടെ പരാതിയില്‍ താല്‍ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്യാന്‍ യുഎന്‍ കോടതി നേരത്തെ പാകിസ്ഥാനോട് ഉത്തരവിട്ടിരുന്നു.