FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

കോഴിക്കോട് സംഘര്‍ഷം തുടരുന്നു; നാദാപുരത്ത് സിപിഎമ്മിന്റെ വായനശാലക്ക് തീയിട്ടു

Sunday, Jun 11, 2017,11:30 IST By സ്വന്തം ലേഖകൻ A A A

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സിപിഎം- ബിജെപി, ആര്‍എസ്എസ് സംഘര്‍ഷം തുടരുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്ന് തീയിടുകയായിരുന്നു. നാദാപുരം ഇരിങ്ങന്നൂരിലെ സിപിഎം ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നാദാപുരം- തലശേരി റോഡ് ഉപരോധിച്ചു. വായനശാല തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇതിന് മുന്‍പും ഇത്തരത്തില്‍ വായനശാലകള്‍ അവര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ടെന്നും സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കുരുക്ഷേത്ര പുസ്തകശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെ, പലയിടത്തും ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍.