FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
India

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം 25ന്

Friday, Jun 16, 2017,17:48 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 25, 26 തീയതികളില്‍ അമെരിക്ക സന്ദര്‍ശിക്കും. 26 നായിരിക്കും ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ആദ്യമായാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരു നേതാക്കളും മുമ്പ് പലവട്ടം ഫോണില്‍ സംസാരിച്ചിരുന്നു. പാരിസ് ഉച്ചകോടിയില്‍നിന്നു യുഎസ് പിന്മാറിയതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ മോശമായി പരാമര്‍ശിച്ചതും നിലനില്‍ക്കെയാണു മോദിയുടെ യുഎസ് സന്ദര്‍ശനം. കാലാവസ്ഥ സംരക്ഷണം ഇന്ത്യയുടെ പാരമ്പര്യവും ധര്‍മ്മവുമാണെന്നും പാരിസ് ഉച്ചകോടി നടപ്പാക്കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരുടെ യുഎസ് വീസ, ചൈന, പാക്കിസ്ഥാന്‍, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തിയേക്കും.

അമെരിക്ക കൂടാതെ പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തും. ജൂണ്‍ 24ന് പോര്‍ച്ചുഗലില്‍ എത്തുന്ന മോദി 25, 26 തീയതികളില്‍ യുഎസിലായിരിക്കും. 27ന് നെതര്‍ലന്‍ഡിലെത്തും.
മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി മോദി എട്ടുവട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്. 2015ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഒബാമ പങ്കെടുക്കുകയും ചെയ്തിരുന്നു. മോദി മൂന്നുവട്ടം വാഷിങ്ടന്‍ സന്ദര്‍ശിച്ചു.