FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

പകർച്ചപ്പനി തടയുന്നതിലും വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

Sunday, Jun 18, 2017,14:05 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: പകർച്ചപ്പനി തടയുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് 

പല വിധത്തിലുള്ള പനി വ്യാപിക്കുന്നുണ്ട്. മഴക്കാലം തുടങ്ങിയതോടെ മറ്റ് പകർച്ചവ്യാധികളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് രോഗ വ്യാപനം തടയാനും ബാധിതർക്ക് ചികിത്സ നൽകാനും വിശ്രമരഹിതമായി പ്രവർത്തിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾക്കു പുറമേ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങേണ്ടതുണ്ട്.
രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക-സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.
മാലിന്യ നിർമ്മാർജ്ജനത്തിന് പൊതുജന സഹകരണത്തോടെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി വരികയാണ് . എന്നാൽ അതിൽ പൂർണ്ണ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല . ഈ സാഹചര്യമാണ് പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത്. മാലിന്യ നിർമ്മാർജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ട്.
പനി വ്യാപിക്കുന്നത് തടയാനും രോഗം ബാധിച്ചവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നും ഡോക്ടമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് . മാലിന്യ നിർമാർജ്ജനം പൂർണ്ണമാക്കുകയും ശുചീകരണത്തിൽ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികളെ അകറ്റി നിർത്താൻ കഴിയില്ല . വ്യക്തി ശുചിത്വം മാത്രം പോരാ, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട് . പ്രശ്നത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ജനങ്ങളാകെ ഒറ്റ മനസ്സോടെ ശുചീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം.