FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
kerala

# പുതുവൈപ്പിന് ഒപ്പം ;സർക്കാരിന് താക്കീതുമായി രമേശ് ചെന്നിത്തല

Sunday, Jun 18, 2017,16:29 IST By സ്വന്തം ലേഖകൻ A A A

കൊച്ചി:പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും താക്കീത് നൽ‌കിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരക്കാരെ തല്ലിച്ചതക്കാനുള്ള ഗുണ്ടകളല്ല പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണം. ജനങ്ങളെ ഉപദ്രവിക്കില്ലെന്നു മുഖ്യമന്ത്രി എനിക്ക് ഉറപ്പ് നൽകി ഒരു മണിക്കൂറിനുള്ളിലാണ് പുതുവൈപ്പിൽ സ്ത്രീകളുൾപ്പെടെയുള്ള സമരക്കാരെ പൊലീസ് തല്ലിചതച്ചത്. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടും വെറുപ്പോടും നോക്കിക്കാണുന്ന രീതി സർക്കാർ അവസാനിപ്പിക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള വികസന പ്രവർത്തനമാണ് നമുക്ക് വേണ്ടത്. അവരുടെ ആശങ്ക ഒഴിപ്പിക്കുന്നതിന് പകരം തല തല്ലിത്തകർക്കുമ്പോൾ കടലെടുത്ത് പോകുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള മോഹം കൂടിയാണ്. ജനകീയ സമരത്തിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണം.

ബോൾഗാട്ടിയിൽ നടന്ന ചർച്ചയിൽ പോലീസിനെ പിൻ വലിക്കുന്നതുൾപ്പെടെയുള്ള ഉറപ്പുകൾ മന്ത്രി മേഴ്സി കുട്ടിയമ്മ നൽകിയിരുന്നു.ക്രൂരമായ പോലീസ് മർദ്ദനത്തിൽ പരിക്കേറ്റവർ മേഴ്സിക്കുട്ടി അമ്മയെ ഫോണിൽ വിളിച്ചപ്പോൾ താൻ നിസ്സഹായയാണെന്ന്‌ പറഞ്ഞതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജനങ്ങളെ ഇത്രയും കിരാതമായി വേട്ടയാടാനുള്ള പരിശീലനം ഏത് ട്രെയിനിംഗ് സെന്ററിൽ നിന്നാണ് കിട്ടുന്നത് ?

അടിച്ചവർ മറന്നാലും കൊള്ളുന്നവർ മറക്കില്ല എന്ന് സർക്കാർ ഓർക്കണം.പുറത്ത് വീഴുന്ന ഓരോ അടിയും ജനങ്ങൾ ഓർത്ത്‌ വയ്ക്കുന്നുണ്ട്. പുതുവൈപ്പിൻകാരെ അടിച്ചൊതുക്കിയ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. മർദ്ദനമേറ്റവർക്ക് പിന്തുണയായി ഞാൻ ഒപ്പമുണ്ട്.# വൈപ്പിൻകാർക്ക് ഐക്യദാർഢ്യം #പുതുവൈപ്പിന് ഒപ്പം