FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
India

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്

Monday, Jun 19, 2017,19:30 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദയെ പ്രഖ്യാപിച്ചതോടെ സമവായത്തിനുള്ള സാധ്യതകള്‍ അവസാനിച്ചതായി കോണ്‍ഗ്രസ്. ജൂണ്‍ 22ന് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്ന ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായി.

ബിജെപി ഐകകണ്‌ഠേന തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയെ പുച്ഛിച്ച് തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ഇക്കാര്യത്തിലെ നിലപാട് പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഒരു നിലപാട് പറയാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ഗുലാം നബി ആസാദ്, മറ്റ് പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച ശേഷം ജൂണ്‍ 22ന് നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചു.
ഔപചാരികതയ്ക്ക് വേണ്ടി മാത്രമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടിയതെന്ന് ചൂണ്ടിക്കാട്ടിയ ഗുലാം നബി ആസാദ്, സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് ഇതര കക്ഷികളുമായി അഭിപ്രായ ഐക്യം രൂപീകരിക്കണമായിരുന്നുവെന്നും പറഞ്ഞു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ട് മറ്റ് കക്ഷികളെ അറിയിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഇതോടെ സമവായ സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതായി.
രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് ദളിത് വിഭാഗക്കാരനെ ബിജെപി ഉയര്‍ത്തിക്കാട്ടിയതിനോട് പ്രതികരിക്കാന്‍ ഗുലാം നബി ആസാദ് തയ്യാറായില്ല.