FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Cinema

സൂപ്പർതാരം രവി തേജയ്ക്കും ചാർമിയ്ക്കും മയക്കുമരുന്ന് കേസിൽ നോട്ടീസ് ; ഞെട്ടിത്തരിച്ച് സിനിമാലോകം

Saturday, Jul 15, 2017,13:54 IST By മെട്രൊ വാർത്ത A A A

ഹൈദരാബാദ് : സൂപ്പര്‍ താരം രവി തേജ, നടി ചാര്‍മി കൗര്‍, സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പുരി ജഗന്നാഥ്, മുമൈദ് ഖാന്‍ എന്നിവരടക്കം 12 സിനിമാക്കാര്‍ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ തെലുങ്കാന എക്‌സൈസ് വകുപ്പ്.  ജൂലൈ 19 നും 27 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.. ജൂലൈ നാലിനു പിടിയിലായ ഒരു റാക്കറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

എക്സൈസ് വിഭാഗത്തിന്‍റെ സെപ്ഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം(എസ് ഐടി) സംഘം ആറു താരങ്ങളും ഒരു സംവിധായകനും ഉള്‍പ്പെടെ 12 തെലുങ്ക് സിനിമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിരിക്കുന്നത്. എസ്‌ഐടി പിടികൂടിയ റാക്കറ്റിലെ 11 പേര്‍ നടത്തിയ കുറ്റസമ്മത മൊഴിയില്‍ തെലുങ്ക് ചലച്ചിത്രമേഖലയിലെ ആളുകളെപ്പറ്റിയുള്ള ബന്ധം സ്ഥിരീകരിക്കുന്നുണ്ട്.

രവി തേജ, പി നവ്ദീപ്, തരുണ്‍ കുമാര്‍, എ തനിഷ്, പി സുബ്ബരാജു, നടിമാരായ ചാര്‍മി കൗര്‍, മുമൈദ് ഖാന്‍ എന്നിവരും പോക്കിരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉള്‍പ്പെടെ 39 സിനിമകള്‍ സംവിധാനം ചെയ്ത തെലുങ്കിലെ പ്രമുഖ സംവിധായകനായ പുരി ജഗന്നാഥ്, ഛായാഗ്രാഹകന്‍ ശ്യാം കെ നായിഡു, ഗായകന്‍ ആനന്ദ കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍ ധര്‍മ റാവു എന്നിവര്‍ക്കാണു നോട്ടീസ് അയച്ചിരിക്കുന്നത്.

പൊലീസിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് തെലുങ്ക് സിനിമാലോകം. രവി തേജയുടെ സഹോദരന്‍ ഭരത് രാജ് കഴിഞ്ഞ മാസമാണ് ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് അറിയുന്നത്. സഹോദരന്‍റെ  മൃതദേഹം കാണാനോ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ രവി തേജയും മറ്റു കുടുംബാംഗങ്ങളും പോകാതിരുന്നത് വാര്‍ത്തയായിരുന്നു. തങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നു തേജയും ചാര്‍മിയും പുരി ജഗന്നാഥും ആവർത്തിക്കുമ്പോഴാണ് ഇവർക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

തെലുങ്ക് സിനിമതാരസംഘടനയായ മാ( മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) നേരത്തെ അംഗങ്ങള്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട്  നോട്ടീസ് നല്‍കിയിരുന്നു. ലഹരി ഉപയോഗം സ്വന്തം ജീവിതം മാത്രമല്ല, സിനിമമേഖലയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്നും മാ പ്രസിഡന്‍റ് ശിവാജി രാജ പറഞ്ഞിരുന്നു.തെലുങ്ക് സിനിമയെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നടപടികളൊന്നും പൊലീസ് എടുക്കരുതെന്നും ഏതെങ്കിലും ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് മൊത്തംപേരെയും കുറ്റക്കാരാക്കരുതൈന്നും അന്വേഷണവുമായി പൂര്‍ണമായി സഹികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും നിര്‍മാതാവ് അല്ലു അരവിന്ദ് വ്യക്തമാക്കി.

രവിതേജയുടെ ചിത്രങ്ങള്‍ മലയാളത്തിലേക്കും മൊഴി മാറി എത്തിയിട്ടുണ്ട്. കാര്‍ത്തി നായകനായ ചിരുതൈ രവിതേജയുടെ ചിത്രത്തിന്‍റെ റിമേക്ക് ആയിരുന്നു. ഹിന്ദി പതിപ്പിൽ അക്ഷയ്കുമാറായിരുന്നു നായകൻ. പോക്കിരി അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് പുരി ജഗനാഥ്.

മലയാളത്തിലൂടെ ആയിരുന്നു ചാർമിയുടെ അരങ്ങേറ്റം. വിനയന്‍റെ കാട്ടുചെമ്പകം ആണ് ആദ്യചിത്രം.  മമ്മൂട്ടിയുടെ താപ്പാന, ദിലീപിന്‍റെ ആഗതന്‍ തുടങ്ങിയ ചിത്രങ്ങളിലും ചാർമിയായിരുന്നു നായിക.