FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
kerala

ആർഎസ്എസ് വിഷം ചൊരുത്തുന്നു; കോടിയേരി ബാലകൃഷ്ണൻ

Monday, Jul 17, 2017,17:51 IST By മെട്രൊ വാർത്ത A A A

കൊച്ചി: ആർഎസ്എസ് കുടുംബപ്രബോധനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോട‌ിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് വർഗീയവിഷം ചൊരുത്തുകയാണെന്നും ഇക്കൂട്ടത്തെ പ്രതിരോധിക്കണമെന്നും അദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം
നമ്മുടെ ആശയത്തിന്‍റെ പരിധിക്ക് പുറത്തേക്ക് കടക്കുന്നവര്‍ക്ക് ഈ ദേശത്ത് ജീവിക്കുവാന്‍ ഒരുസ്ഥാനവുമുണ്ടാവാന്‍ പാടില്ല. തങ്ങളുടെ വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് രാഷ്ട്രത്തിന്റെ മതവും സംസ്‌കാരവും ഭാഷയും സ്വീകരിച്ച് ദേശീയ വംശത്തില്‍ പൂര്‍ണമായും ലയിച്ചുചേര്‍ന്നാല്‍ മാത്രമേ അവരെ രാഷ്ട്രത്തിന്റെ ഭാഗമായി ഗണിക്കാനാവൂ. അവര്‍ തങ്ങളുടെ വംശീയവും മതപരവും സാംസ്‌കാരികവുമായ വ്യത്യസ്ഥതകള്‍ നിലനിര്‍ത്തുന്ന കാലത്തോളം രാഷ്ട്രത്തോട് സഹൃദയമോ, ശത്രുതയോ ഉള്ള പാശ്ചാത്യരായിരിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.” ആര്‍ എസ് എസ് ആചാര്യനായ എം എസ് ഗോള്‍വാക്കര്‍ രചിച്ച ‘നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ടം നിര്‍ണയിക്കപ്പെടുന്നു’ എന്ന ഗ്രന്ഥത്തിലെ പരാമര്‍ശമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

കേന്ദ്രഭരണകൂടത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗിച്ചുകൊണ്ട് ആര്‍ എസ് എസ് സംഘപരിവാരം രാജ്യത്തെയും ജനങ്ങളെയും നിര്‍ണയിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ എല്ലാ കുടുംബങ്ങളിലും ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന പെരുമാറ്റച്ചട്ടങ്ങളും വേഷഭൂഷാദികളും അടിച്ചേല്‍പ്പിക്കുവാന്‍ വേണ്ടി ഗൃഹസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോവുകയാണ് സംഘപരിവാരം. ‘ഹിന്ദുജീവിതശൈലി’ യില്‍ ജീവിക്കണമെന്ന് രാജ്യത്തെ പൗരന്‍മാര്‍ക്ക് തിട്ടൂരം നല്‍കുന്നത് ആര്‍ എസ്സ എസ്മ മുന്നോട്ടുവെക്കുന്ന സമഗ്രാധിപത്യ പ്രവണതയുടെ മൂര്‍ത്തമായ തലമാണ്.

മെഴുകുതിരി ഊതിക്കെടുത്തിക്കൊണ്ടുള്ള പാശ്ചാത്യരീതിയിലുള്ള ജന്മദിനാഘോഷം ഒഴിവാക്കണമെന്നും മാംസാഹാരം ഒഴിവാക്കണമെന്നും സംഘികള്‍ കല്‍പ്പിക്കുകയാണ്. സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ സാരി ധരിക്കണമെന്നും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണമെന്നും സംഘപരിവാരം നിര്‍ദേശിക്കുന്നു. മാത്രമല്ല, എന്ത് സംസാരിക്കണമെന്ന തിട്ടൂരം പോലും ആര്‍ എസ് എസിന്റെ മൂശയില്‍ നിന്ന് പുറത്തുവരുന്നുണ്ട്. കുടുംബാംഗങ്ങളുമായി കൂടിയിരിക്കുമ്പോള്‍ രാഷ്ട്രീയം സംസാരിക്കരുതെന്നും ക്രിക്കറ്റുപോലുള്ള കളികളെകുറിച്ച് ചര്‍ച്ച നടത്തരുതെന്നും അവര്‍ കണ്ണുരുട്ടുന്നു. സോഷ്യല്‍ മീഡിയയിലും വാര്‍ത്താചാനലുകളിലും വരുന്ന വാര്‍ത്തകളും ചര്‍ച്ചകളും മുഖവിലക്കെടുക്കരുതെന്നും പറഞ്ഞ് സംഘപരിവാരം ഭീഷണി മുഴക്കുന്നു..

രാഷ്ട്രീയ ഹിന്ദുത്വയുടെ നാവില്‍ നിന്നുമുതിരുന്നത് മാത്രം കേള്‍ക്കുകയും അവര്‍ പറയുന്നിടത്തേക്ക് മാത്രം നോക്കുകയും അവര്‍ നിര്‍ദേശിക്കുന്നത് മാത്രം രുചിക്കുകയും അവര്‍ പറയുന്നതുപോലെ, അനുസരണയോടെ ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാനുള്ള പരിശ്രമത്തിലാണ് ആര്‍ എസ് എസ് സംഘപരിവാരമുള്ളത്. ഈ ‘കുടുംബപ്രബോധനം’ ജനാധിപത്യത്തിന് ഭൂഷണമല്ല. ഈ ഗൃഹസന്ദര്‍ശന പരിപാടിയില്‍ മുസ്ലീം കൃസ്ത്യന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വര്‍ഗീയത ചുരത്തുന്ന ആര്‍ എസ് എസിന്റെ സംസ്‌കാരവും മൂല്യബോധവും അടിച്ചേല്‍പ്പിക്കാനാണ് രാഷ്ട്രീയ ഹിന്ദുത്വ ശ്രമിക്കുന്നത്. ഇത് വംശഹത്യക്ക് മുന്‍പായുള്ള ചാപ്പകുത്താണ്.

രാജ്യം എല്ലാ നന്‍മകളോടും വൈവിധ്യങ്ങളോടും കൂടി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന പുരോഗമാനകാരികളും കലാ-സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യസ്നേഹികളും ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രീതിയ്ക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാവണം. വര്‍ഗീയവിഷം ചുരത്തുന്ന ഈ കൂട്ടത്തെ പ്രതിരോധിക്കണം.