FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
kerala

സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ല; കണ്ണൂര്‍ കലക്‌റുടെ ഉത്തരവിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം

Monday, Jul 17, 2017,10:59 IST By സ്വന്തം ലേഖകൻ A A A

കണ്ണൂര്‍: സമരം നടത്തുന്ന നഴ്‌സുമാരെ നേരിടാന്‍ നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥികളെ പകരം ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കലക്റ്ററുടെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്‌സിങ് വിദ്യാര്‍ഥികള്‍ രംഗത്ത്. പരിയാരം മെഡിക്കല്‍ കോളെജില്‍ ജോലിക്ക് എത്താന്‍ നി നിര്‍ദേശിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഉത്തരവ് അനുസരിക്കാന്‍ തയാറായില്ല. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ചാണ് ഇവര്‍ ജോലിക്കെത്തുന്നതിന് വിസമ്മതിച്ചത്.

ഇരുപതോളം വിദ്യാര്‍ഥികള്‍ കലക്റ്ററുടെ ഉത്തരവിനെതിരെ പരിയാരം മെഡിക്കല്‍ കോളെജിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രികളില്‍ നിയോഗിച്ചു. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളെ ജോലിക്ക് എത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. നഴ്‌സിങ് കോളജുകളിലെ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത്. കാസര്‍കോഡ് ജില്ലയില്‍ ഇന്ത്യന്‍ നഴ്‌സിങ് അസോസിയേഷന്‍ സമരം തുടരുകയാണ്.
ജോലിക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വീതം പ്രതിഫലം നല്‍കണമെന്നാണ് കലക്റ്ററുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐഎന്‍എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു. നഴ്‌സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കള്കടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്‌സിങ് അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്.